സ്വന്തം ലേഖകൻ
ലോകം മുഴുവൻ, കൊറോണ വൈറസ് പരക്കുന്നത് തടയാനായി സ്കൂളുകൾ അടച്ചിടുമ്പോൾ യുകെയിൽ സംഭവിക്കുന്നത് എന്ത്? ഈ നിമിഷം വരെയും സ്കൂളുകൾ തുറന്നു തന്നെ പ്രവർത്തിക്കണമെന്നാണ് ഗവൺമെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സമീപ ഭാവിയിൽ പൂട്ടേണ്ടി വന്നേക്കാം എന്ന് ഗവൺമെന്റിന്റെ ചീഫ് സയന്റിഫിക് അഡ്വൈസർ ആയ സർ പാട്രിക് വാലൻസ് പറഞ്ഞു. യുകെയ്ക്ക് കുട്ടികളോടുള്ള സമീപനം മുതിർന്നവരോടുള്ള പോലെ കാര്യക്ഷമമല്ല. രോഗം കൂടുതലായി പടരാതിരിക്കാൻ വേണ്ടി സ്കൂളുകൾ അടച്ചു ഇടുകയാണ് ഈ അവസരത്തിൽ വേണ്ടത്. എൻ എച്ച് എസ് സ്റ്റാഫുകൾ ഉൾപ്പെടെയുള്ള മാതാപിതാക്കൾ കുട്ടികളെ നോക്കാനായി ലീവ് എടുക്കുന്ന അവസ്ഥയുണ്ട്. രോഗ ബാധിതരായ കുട്ടികളെ ശുശ്രൂഷിക്കാൻ പ്രായമായവരെ ഏൽപ്പിച്ചാൽ രോഗം അവർക്ക് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇപ്പോൾ കാണിക്കുന്ന അനാസ്ഥ ഒരുപക്ഷേ ഭാവിയിൽ കൂടുതൽ ദിവസങ്ങൾ സ്കൂളുകൾ അടച്ചിടുന്ന അവസ്ഥയിലേക്ക് എത്തിച്ചേക്കാം.
ഈ വിഷയത്തെ പറ്റി ചർച്ച ചെയ്യാനായി വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പ്രധാനാധ്യാപകരുടെ യോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം അധ്യാപകരുടെ കുറവാണ്. പലരും സെൽഫ് ഐസൊലേഷനിൽ ആയതിനാൽ കുട്ടികളെ പഠിപ്പിക്കാനും കാര്യങ്ങൾ നോക്കാനും ആളുകൾ കുറവാണ്. ഓരോ സ്കൂളിലെയും കാര്യങ്ങൾ യുകെയിൽ ഉടനീളം വ്യത്യസ്തമാണ്. വടക്കേ അയർലൻഡിൽ മന്ത്രിയായ അർലീൻ ഫോസ്റ്റർ 16 ആഴ്ചയെങ്കിലും സ്കൂളുകൾ അടച്ചിടണമെന്ന് അറിയിച്ചിട്ടുണ്ട്. സ്കോട്ട്ലൻഡിൽ ചില സ്കൂളുകൾ ഡീപ് ക്ലീനിങിനായി അടച്ചിട്ടുണ്ട്.
പരീക്ഷകൾ ഒന്നും മാറ്റി വയ്ക്കാൻ സാധ്യതയില്ലെന്നും അതിനാൽ വിദ്യാർത്ഥികൾ പരീക്ഷകൾക്ക് പതിവുപോലെ തയ്യാറെടുക്കണം എന്നും അറിയിപ്പുണ്ട്. ഏതെങ്കിലും കുട്ടികൾ കൊറോണയുടെ ലക്ഷണങ്ങൾ കാണിച്ചാൽ അവരെ എത്രയും പെട്ടെന്ന് വീട്ടിൽ എത്തിക്കണം എന്നാണ് അറിയിപ്പ്. അങ്ങനെയുള്ള കുട്ടികളെ ഒറ്റയ്ക്ക് ഒരു മുറിയിൽ ഇരുത്തണം എന്നും പറഞ്ഞിട്ടുണ്ട്. കുട്ടികളെ മാതാപിതാക്കൾക്ക് വീട്ടിലിരുത്തി പഠിപ്പിക്കാൻ ഉള്ള അവസരം യുകെയിൽ നിലവിലുണ്ടെങ്കിലും ഒരു സ്കൂളിൽ എൻറോൾ ചെയ്താൽ അവർ നിർബന്ധമായും ക്ലാസ്സിൽ പോയിരിക്കണം. അല്ലെങ്കിൽ മാതാപിതാക്കൾ സ്കൂളിൽ നിന്നും പ്രത്യേക അനുമതി നേടിയിരിക്കണം.
Leave a Reply