തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 24 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ രണ്ടു വീതം, പാലക്കാട് ഒന്ന് എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ. തിരുവനന്തപുരത്തും കോഴിക്കോടും ഓരോരുത്തർക്കു രോഗം മാറി. ആകെ 265 പേർക്കു രോഗം സ്ഥിരീകരിച്ചു. 237 പേർ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 9 പേർ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1,64,130 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,63,508 പേർ വീടുകളിലാണ്. 622 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7965 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ രോഗബാധയുണ്ടായ 191 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. 7 വിദേശികൾ. സമ്പർക്കം വഴി 67 പേർക്കാണ് രോഗം വന്നത്. 26 പേർക്കു പരിശോധന നെഗറ്റീവായി. സംസ്ഥാനത്തിന്റെ ഇടപെടലിന്റെ ഗുണഫലം ഇന്ന് ജർമനിയിൽനിന്ന് വന്നു. ലോക്ഡൗണിൽപെട്ട് 232 വിദേശികൾ ഇന്ന് സ്വന്തം നാട്ടിൽ സുരക്ഷിതരായി എത്തി. ജർമൻ എംബസിയുടെ താൽപര്യത്തിന് സർക്കാർ പൂർണ സഹകരണം നൽകി.
പരിശോധന മെച്ചപ്പെട്ട നിലയിൽ നടക്കുന്നു. പുതുതായി 100 മുതൽ 150 പേർ വരെയാണ് ലക്ഷണങ്ങളുമായി ദിവസേന എത്തുന്നത്. ഇവരുടെ സാംപിളുകൾ അപ്പോൾ തന്നെ എടുക്കുന്നു. കാസർകോട് മെഡിക്കൽ കോളജ് നാലു ദിവസത്തിനകം കോവിഡ് ആശുപത്രിയായി പ്രവർത്തനം തുടങ്ങും. ഇന്ന് സൗജന്യ റേഷൻ വിതരണം ആരംഭിച്ചതിന്റെ ആദ്യ ദിനമാണ്. മെച്ചപ്പെട്ട രീതിയിലാണ് വിതരണം. ചിലയിടങ്ങളിൽ തിരക്കുണ്ടായിരുന്നു. മിക്കയിടങ്ങളിലും വരുന്നവർക്ക് ഇരിക്കാന്‍ കസേരയും കുടിക്കാൻ വെള്ളവും നൽകി. പതിനാലര ലക്ഷത്തോളം പേർക്ക് ഇന്നു മാത്രം റേഷൻ വിതരണം ചെയ്തു.
	
		

      
      



              
              
              




            
Leave a Reply