കൊറോണ വൈറസ് ബാധ അമേരിക്കയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ചൈനയില്‍ തുടങ്ങി യുറോപ്യന്‍ രാജ്യങ്ങളില്‍ കടുത്ത നാശം വിതച്ച വൈറസിന്റെ ഇപ്പോഴത്തെ പ്രധാന കേന്ദ്രം അമേരിക്കയായിരിക്കയാണ്. ഇന്നലെ മാത്രം അമേരിക്കയില്‍ 1169 പേരാണ് മരിച്ചത്. അമേരിക്കയിലെ ആകെ മരണ സംഖ്യ 8100 കവിഞ്ഞു. ന്യൂയോര്‍ക്കില്‍ 30 ദിവസത്തിനകം 3500 പേരാണ് മരിച്ചത്. സ്ഥിതി ഗതികള്‍ രൂക്ഷമാകുമ്പോഴും അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടി കുടുതല്‍ ഗുരുതരമായ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ്. ലോകത്തെമ്പാടുമായി ഇതിനകം 60,000 ആളുകളാണ് മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമേരിക്കയില്‍ 245000 പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും മരണ സംഖ്യ വര്‍ധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണോള്‍ഡ് ട്രംപ് പറഞ്ഞു. ഈ ആഴ്ചയും അടുത്ത ആഴ്ചയും നിര്‍ണായകമായിരിക്കുമെന്നും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ഥിതിഗതികള്‍ രൂക്ഷമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. 90 ശതമാനം അമേരിക്കക്കാരും ഏതെങ്കിലും തരത്തിലുള്ള ക്വാറന്റൈനിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ഏറ്റവും കൂടതല്‍ പേര്‍ മരിച്ച ന്യൂയോര്‍ക്കിലെ അവസ്ഥ രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രോഗ ബാധിതരായവരെ ചികില്‍സിക്കാനാവാതെയും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ കഴിയാത്തതുമായ പ്രശ്‌നങ്ങളാണ് ഇവിടെയുള്ളതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയതു. ആശുപത്രികളും മോര്‍ച്ചറികളും നിറയുകയാണ്. ഇന്നലെ മാത്രം 562 പേരാണ് ന്യുയോര്‍ക്കില്‍ മരിച്ചത്. സ്ഥിതിഗതികള്‍ നേരിടാന്‍ ഇവിടെ പട്ടാളത്തെ ഇറക്കിയിട്ടുണ്ട്. 30 ദിവസത്തിനകം 3500 പേരാണ് ഇവിടെ മരിച്ചത്.
കൂടുതല്‍ പേര്‍ ഇനി മരിക്കുക അടിസ്ഥാന മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭിക്കാത്തതുകൊണ്ടാവുമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രു കുഓമോ പറഞ്ഞു. വെന്റിലേറ്ററുകള്‍ ഇല്ലാത്തത് വരും ദിവസങ്ങളില്‍ കൂടുതല്‍ മരണത്തിന് കാരണമായേക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 1000 വെന്റിലേറ്ററുകള്‍ അയച്ചു കൊടുത്തതിന് അദ്ദേഹം ചൈനയ്ക്ക് നന്ദി പറഞ്ഞു. .
അതിനിടെ കൊവിഡ് 19 ബാധിച്ചവര്‍ മലേറിയക്കുള്ള മരുന്ന് കഴിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന വീണ്ടും വിവാദത്തിന് ഇടയാക്കി. ട്രംപിന്റെ ഉപദേശകരടക്കം മലേറിയക്കെതിരായ മരുന്ന് ഹൈഡ്രോക്ക്‌സി ക്ലോറോക്ക്വിന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് വാര്‍ത്ത സമ്മേളനത്തിനിടെ ഈ മരുന്നത് കഴിക്കുന്നത് നല്ലതാണെന്ന് ട്രംപ് നിലപാടെടുത്തത്. മലേറിയക്കെതിരായ മരുന്ന് ഉപയോഗിച്ച് നേരത്തെ അമേരിക്കയില്‍ ഒരാള്‍ മരിച്ചിരുന്നു.
കൊറോണ വൈറസ് നേരിടുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടുവെന്ന വിമര്‍ശനങ്ങള്‍ നടത്തിയ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യമായ കാര്യങ്ങള്‍ ആവശ്യപ്പെടുന്ന സംസ്ഥാനങ്ങളാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുടുതല്‍ ആളുകള്‍ മരിക്കും. അതുകൊണ്ട് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കരുത്. വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളുടെ പേരുകള്‍ പുറത്ത് പറയാന്‍ കഴിയുമെന്നും സ്ഥിരമായി വ്യാജ വാര്‍ത്തകള്‍ നല്‍കുന്നവര്‍ തന്നെയാണ് അത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കിയില്‍ ഒരു ലക്ഷം ആളുകളെങ്കിലുംമരിക്കുമെന്നായിരുന്നു വൈറ്റ് ഹൗസ് നേരത്തെ പറഞ്ഞത്.അതിനിടെ ലോകത്ത് ഇതിനകം 60,000 ആളുകളാണ് മരിച്ചത്. 11 ലക്ഷം രോഗ ബാധിതരാണുള്ളത്. ബ്രിട്ടനില്‍ ഇന്നലെ 708 ആളുകളാണ് മരിച്ചത്. ബ്രിട്ടിനില്‍ ഒരു ദിവസമുണ്ടായ ഏറ്റവും കൂടിയ മരണ സംഖ്യയാണത്.ഇറ്റലിയില്‍ പുതുതായി ഉണ്ടാകുന്ന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി സൂചനയുണ്ട്. ഇന്നലെ 681 പേര്‍ മരിച്ചു. ഇതിനകം 15,362 പേരാണ് ഇറ്റലിയില്‍ മരിച്ചത്. സ്‌പെയിനില്‍ 809 പേര്‍ ഇന്നലെ വൈറസ് ബാധമൂലം മരിച്ചു. ഇതിനകം 10,935 പേരാണ് ഇവിടെ മരിച്ചത്.
കൊറോണ മൂലം മരിച്ചവരെ ആദരിച്ച് ചൈനയില്‍ ഇന്നലെ മൂന്ന് മിനിറ്റ് ദുഃഖാചരണം നടന്നു. രോഗത്തില്‍ നിന്ന് മോചനം നേടിയെന്ന് കരുതുന്ന ചൈനയില്‍ ഇന്നലെ 19 പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരാണ് ഇവര്‍.