ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : കോവിഡ് 19 രോഗബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ വിദഗ്ധ ചികിത്സകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച ശേഷം ഐസൊലേഷനിൽ കഴിയുകയായിരുന്നു അദ്ദേഹം. അടിയന്തര നടപടികളേക്കാൾ മുൻകരുതലാണ് ആവശ്യമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഒപ്പം രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ അക്ഷീണം പ്രയത്നിക്കുന്ന ഏവരെയും അദ്ദേഹം അഭിനന്ദിച്ചു. വീട്ടിൽ തന്നെ തുടരണമെന്നും എൻഎച്ച്എസിനെ സംരക്ഷിക്കാനും ജീവൻ രക്ഷിക്കാനുമുള്ള സർക്കാരിന്റെ ഉപദേശം പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഉയർന്ന താപനിലയും മറ്റു രോഗലക്ഷണങ്ങളും പ്രകടിപ്പിക്കുന്നതിനാലാണ് ജോൺസനെ മധ്യ ലണ്ടനിലുള്ള ഒരു എൻ എച്ച് എസ് ആശുപത്രിയിൽ ഇന്നലെ രാത്രി പ്രവേശിപ്പിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ പല നേതാക്കന്മാരും ജോൺസന്റെ രോഗം വേഗം ഭേദമാകട്ടെയെന്ന സന്ദേശങ്ങൾ അയച്ചു. “എല്ലാ അമേരിക്കകാരും അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നു. രോഗം ഭേദമായി അദ്ദേഹം തിരികെയെത്തും. ” ട്രംപ് തന്റെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. “പ്രധാനമന്ത്രി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. ” ലേബർ പാർട്ടിയുടെ പുതിയ നേതാവ് കീർ സ്റ്റാർമർ ട്വീറ്റ് ചെയ്തു.
മാർച്ച് 27 ന് രോഗം സ്ഥിരീകരിച്ചത് മുതൽ ജോൺസൺ 11 ദിവസമായി ഡൗണിംഗ് സ്ട്രീറ്റിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു. ചാൻസലർ ഓഫീസിന് മുകളിലുള്ള വസതിയാണ് അദ്ദേഹം ഉപയോഗിച്ചത്. ലോക്ക്ഡൗൺ നടപടികളുമായി പൊരുത്തപ്പെടാൻ ആളുകളോട് ആവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച ഒരു വീഡിയോ സന്ദേശം അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിൽ പ്രവേശിച്ചിട്ടും ജോൺസൺ സർക്കാരിന്റെ ചുമതലയുള്ളയാളാണെന്നും മന്ത്രിമാരുമായും സഹപ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും സമ്പർക്കം പുലർത്തുന്നുണ്ടെന്നും വക്താവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭാവത്തിൽ സി -19 എന്നറിയപ്പെടുന്ന സർക്കാരിന്റെ ദൈനംദിന അടിയന്തര കൊറോണ വൈറസ് കമ്മിറ്റി യോഗത്തിന്റെ ഇന്നത്തെ മീറ്റിംഗിൽ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അധ്യക്ഷനാകും. രോഗം ബാധിച്ച് ബ്രിട്ടനിൽ ഇന്നലെ മരണപ്പെട്ടവരുടെ എണ്ണം 621 ആണ്. ഇതോടെ ആകെ മരണസംഖ്യ 4, 934 ആയി. ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ച രാജ്യങ്ങളിൽ ഇപ്പോൾ യുകെ അഞ്ചാം സ്ഥാനത്താണ്. ഇന്നലെ മാത്രം 5903 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 47,806 ആയി. ഇറ്റലിയുടെയും അമേരിക്കയുടെയും സ്പെയിനിന്റെയുമൊക്കെ പാത പിന്തുടരുകയാണ് ബ്രിട്ടൻ.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ എഴുപതിനായിരത്തോളമായി. ഇതിൽ അരലക്ഷത്തോളം മരണം യൂറോപ്പിൽ മാത്രം. അമേരിക്കയിൽ മരണസംഖ്യ പതിനായിരത്തിലേക്ക് അടുക്കുന്നു. 185ൽപ്പരം രാജ്യത്തായി രോഗബാധിതരുടെ എണ്ണം പന്ത്രണ്ടരലക്ഷം കടന്നു. 2,62,351 പേർ രോഗമുക്തരായി. ഇറ്റലിയിൽ മരണസംഖ്യ പതിനയ്യായിരം കടന്നു. സ്പെയിനിലും മരണങ്ങൾ 12000 ആയി. ജർമ്മനിയിൽ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. അമേരിക്കയിൽ മൂന്നു ലക്ഷത്തിൽ അധികം രോഗബാധിതരാണ് ഉള്ളത്. ഇറ്റലി, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളിൽ ആണ് ഒരു ലക്ഷത്തിനു മീതെ രോഗികൾ ഉള്ളത്. ഇന്ത്യയിൽ മരണസംഖ്യ 100 കടന്നെന്നാണ് റിപ്പോർട്ട്. രോഗികളുടെ എണ്ണം 4,288 ആയും ഉയർന്നു.
Leave a Reply