ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 20,000 അഫ് ഗാൻ അഭയാർത്ഥികൾക്ക് അഭയം നൽകാൻ യുകെ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. എന്നാൽ ഉചിതമായ ഭവനങ്ങളുടെ അഭാവം കാരണം അഫ് ഗാൻ അഭയാർത്ഥികളെ ഉൾക്കൊള്ളാൻ കൗൺസിലുകൾ പാടുപെടുമെന്ന് പ്രാദേശിക സർക്കാർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭവനനിർമ്മാണത്തിന് ഏകദേശം 5 മില്യൺ നീക്കിവച്ചിട്ടുണ്ട്. എന്നാൽ ഉചിതമായ വസ്തുവകകൾ വാങ്ങാൻ അതിൽ നിന്ന് ചിലവഴിക്കേണ്ടിവരും. “നമ്മൾ സാധാരണയായി കാണുന്ന പതിവിലും വലിയ കുടുംബങ്ങൾ ഉണ്ട്. ആറ്, ഏഴ്, എട്ട്, തുടങ്ങി 12 അംഗങ്ങൾ വരെയുള്ള കുടുംബങ്ങൾ ഉണ്ട്. ഇവർക്ക് വലിയ പാർപ്പിടവും അതിനൊത്ത ലഭ്യതയും ആവശ്യമാണ്. നാല്, അഞ്ച്, ആറ് കിടപ്പുമുറികളുള്ള വീടുകൾ ആവശ്യമായി വരും.”എൽജിഎ ചെയർമാൻ ജെയിംസ് ജാമിസൺ പറഞ്ഞു.

“അവർക്ക് എന്താണ് വേണ്ടത്, അവർക്ക് എത്രമാത്രം പിന്തുണ ആവശ്യമാണ്, നമുക്ക് എത്ര വീടുകൾ വിപണിയിൽ പോയി ഏറ്റെടുക്കണം അല്ലെങ്കിൽ വാടകയ്ക്ക് എടുക്കണം എന്നിവ അറിയുന്നതുവരെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കാൻ സാധിക്കില്ല. ഇതിന് ഫണ്ട് നൽകുമെന്ന് സർക്കാർ പറഞ്ഞതായി എനിക്ക് ഉറപ്പുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു. പുനരധിവാസ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി പുതിയ നടപടികൾ പ്രഖ്യാപിക്കുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ബ്രിട്ടീഷ് പട്ടാളത്തോടും യുകെ ഗവൺമെന്റിനോടും ബന്ധപ്പെട്ടു പ്രവർത്തിച്ചവർക്ക് ആരോഗ്യപരിചരണം, വിദ്യാഭ്യാസം, തൊഴിൽ അവർക്ക് ആവശ്യമായ താമസസൗകര്യം എന്നിവ ലഭ്യമാക്കേണ്ടതുണ്ട്.