തിരുവനന്തപുരം∙ സംസ്ഥാനത്ത് 12 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കാസർകോട് 4, കണ്ണൂർ 4, മലപ്പുറം 2, കൊല്ലം 1, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 11 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്തുനിന്നും എത്തിയതാണ്. 3 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. എറണാകുളം 6, കണ്ണൂർ 3, ഇടുക്കി 2, മലപ്പുറം 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം നെഗറ്റീവായവരുടെ കണക്കെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 357 ആയി. 258 പേര് ചികിൽസയിലുണ്ട്. 1,36,195 പേർ നിരീക്ഷണത്തിലുണ്ട്. 1,35,472 പേർ വീടുകളിലും 723 പേർ ആശുപത്രികളിലും നീരീക്ഷണത്തിൽ. ഇന്ന് 153 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12,710 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 11,469 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
ചികിത്സയിലുള്ളവരിൽ 60 വയസ്സിന് മുകളിലുള്ളവർ 7.5 ശതമാനമാണ്. 20 വയസ്സിന് താഴെയുള്ളവർ 6.9 ശതമാനം. പരിശോധന സംവിധാനം വർധിപ്പിക്കുന്നതിന് നാല് ദിവസത്തിൽ 4 ലാബ് ലഭ്യമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളിൽ ടെസ്റ്റ് അനുവദിക്കും. കാസർകോട് അതിർത്തി വഴി രോഗികൾക്ക് പോകാനാവാത്ത പ്രശ്നം ഉണ്ട്. ഇന്നും ഒരാൾ മരിച്ചു. ഇത് ആവര്‍ത്തിക്കാതിരിക്കാൻ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കാൻ ശ്രമിക്കും. ആവശ്യമെങ്കിൽ ആകാശ മാർഗം ഉപയോഗിക്കും.
മാസ്ക് ഉപയോഗിക്കുന്നതു നല്ല കാര്യമാണ്. ഏതൊക്കെ മാസ്ക് എവിടെയൊക്കെ ഉപയോഗിക്കണം എന്നതില്‍ കൃത്യത വേണം. എൻ 95 രോഗിക്കും പരിചരിക്കുന്നവരുമാണ് ഉപയോഗിക്കേണ്ടത്. സാധാരണക്കാര്‍ തുണി മാസ്ക് ഉപയോഗിക്കണം. ഇതു കഴുകി ശുചീകരിക്കാം. 1023 പേർക്ക് ഇന്ന് രക്തം നല്കാൻ സാധിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ആർസിസിയില്‍ എത്താൻ ബുദ്ധിമുട്ടുന്നവർ വിവിധ ജില്ലകളിലുണ്ട്. പരിഹാരമായി ആരോഗ്യ വകുപ്പും ആർസിസിയും സംയുക്തമായി രോഗികളുടെ പ്രദേശങ്ങളിൽതന്നെ ചികിത്സ ലഭ്യമാക്കാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ഇന്ന് 100 ദിവസം കഴിയുകയാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 8 വിദേശികളുടെ ജീവൻ രക്ഷിച്ച് അവരെ പൂർണ ആരോഗ്യത്തിലേക്കു തിരിച്ചെത്തിക്കാൻ കഴിഞ്ഞു. ഇറ്റലി, യുകെ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് രോഗമുക്തി നേടിയത്. 83, 76 വയസ്സുള്ളവരും ഇതിലുണ്ട്. ഇതിൽ ഒരാൾക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിലും ഏഴു പേർക്ക് എറണാകുളത്തുമാണ് ചികിത്സ നൽകിയത്.
നാളെ ദുഃഖ വെള്ളിയാഴ്ചയാണ്. യേശുക്രിസ്തുവിന്റെ ഓർമ ഉണർത്തുന്ന ദിനം. രോഗികളെ സുഖപ്പെടുത്തുക എന്ന ക്രിസ്തു സന്ദേശം ഉൾക്കൊണ്ട് കൊറോണ ബാധിതരുടെ സുഖപ്പെടലിന് വേണ്ടി പുനരർപ്പണം നടത്താനുള്ള സന്ദർഭമായി ഇതിനെ ഉപയോഗപ്പെടുത്താം. മനസുകൊണ്ട് ചേര്‍ത്തു നിർത്തുക എന്നത് യേശുക്രിസ്തു സ്വന്തം ജീവിതം കൊണ്ട് നൽകിയ സന്ദർഭമാണ്. ഇതും ഓർക്കാം. – മുഖ്യമന്ത്രി പറഞ്ഞു.
Leave a Reply