ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി ചെയ്ത് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ താത്‌കാലിക നഴ്സായിരുന്ന ആഷിഫ് (23) അപകടത്തില്‍ മരിച്ചു. ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അവണൂര്‍- മെഡിക്കല്‍ കോളേജ് റോഡില്‍ ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും ജോലി ചെയ്തതിന് ലഭിച്ച ആദ്യ പ്രതിഫലം വാങ്ങി മടങ്ങവെയാണ് അപകടമുണ്ടായത്. രണ്ടുദിവസമായി അവധിയിലായിരുന്ന ആഷിഫ് 15 ദിവസത്തെ ശമ്പളം എത്തിയിട്ടുണ്ടെന്നറിഞ്ഞ് ചെക്ക് വാങ്ങാനാണ് കുന്നംകുളത്തേയ്ക്ക് പോയത്. ചാവക്കാട് തൊട്ടാപ്പ് ആനാംകടവില്‍ അബ്ദുവിന്റെയും ഷമീറയുടെയും മകനാണ്. ഷെമീറ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലെ ജീവനക്കാരിയാണ്. ഏകസഹോദരി അജു നഴ്സിങ്‌ വിദ്യാര്‍ഥിനിയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്ഥിരം ജീവനക്കാരേക്കാള്‍ മിടുക്കോടെയായിരുന്നു കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആഷിഫിന്റെ സേവനമെന്നാണ് കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ വി മണികണ്ഠന്റെ വാക്കുകള്‍. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചപ്പോള്‍ രോ​ഗിയെ മെഡിക്കല്‍ കോളജിലേക്കെത്തിക്കാന്‍ ആഷിഫാണ് മുന്നില്‍ നിന്നത്. ആംബുലന്‍സ് അണുവിമുക്തമാക്കാന്‍ പലരും മടിച്ചപ്പോള്‍ അതിനും തയ്യാറാവുകയും ചെയ്തു. മറ്റുള്ളവര്‍ പേടിച്ചുനിന്നപ്പോള്‍ സധൈര്യം മുന്നോട്ടുവന്ന് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതായിരുന്നു ഈ ഇരുപത്തിമൂന്നുകാരന്റെ രീതി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് അധികം നഴ്‌സുമാരെ നിയമിച്ചപ്പോള്‍ ദേശീയ ആരോഗ്യദൗത്യത്തിലൂടെ മാര്‍ച്ച്‌ 16-നാണ് ആഷിഫ് താലൂക്ക് ആശുപത്രിയില്‍ നഴ്‌സായെത്തിയത്.