തൃശ്ശൂര്‍: ലോക്ഡൗണ്‍ കാലത്ത് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ ബ്ലാക്ക്മാന്‍മാരില്‍ ഒരാളെ കൈയോടെ പിടികൂടിയെന്നാണ് വാര്‍ത്ത പരന്നത്. പക്ഷേ, ബ്ലാക്ക്മാനെ പിടികൂടാന്‍ ചുമതലപ്പെട്ട സേനയിലെ ഒരാളാണ് സ്വയം പിടിയിലായത് എന്നറിഞ്ഞപ്പോള്‍ പിന്നാലെയെത്തി സസ്‌പെന്‍ഷന്‍. കേരള പോലീസ് അക്കാദമിയുടെ ടാങ്കോ ഫോര്‍ കമ്പനിയിലെ ഹവില്‍ദാര്‍ ആലപ്പുഴ സ്വദേശി സനല്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശനനിരീക്ഷണം നടത്തുന്ന പോലീസ് അക്കാദമിയില്‍നിന്ന് ഇയാള്‍ വ്യാഴാഴ്ച രാത്രി പത്തോടെ ബൈക്കില്‍ പുറത്തിറങ്ങി മണ്ണുത്തിക്കടുത്ത് പൊങ്ങണങ്കാട്ടിലെ ഒരു വീട്ടിലെത്തി. ഇയാള്‍ക്ക് പരിചയമുള്ള സ്ത്രീയുടെ വീടായിരുന്നു ഇത്. വാതിലില്‍ തട്ടിയിട്ടും തുറക്കാതിരുന്നപ്പോള്‍ ജനലില്‍ തട്ടി. എന്നിട്ടും തുറക്കാതായപ്പോള്‍ ശക്തിയില്‍ തട്ടി ജനല്‍ച്ചില്ലുടച്ചു. ഈ ശബ്ദം കേട്ട് അയല്‍ക്കാര്‍ ഉണര്‍ന്നതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്നു. മാടക്കത്തറ പഞ്ചായത്ത് ഓഫീസിന് സമീപം പിടികൂടി.
മദ്യപിച്ച നിലയിലായിരുന്നു ഇയാള്‍. പിടിയിലായപ്പോള്‍ പോലീസ് ആണെന്നു പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. സംശയം തോന്നിയ നാട്ടുകാര്‍ പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന നേതാവിനെ ബന്ധപ്പെട്ടു. നേതാവ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പോലീസ് ആണെന്നു കണ്ടെത്തി. തുടര്‍ന്ന് മണ്ണുത്തി പോലീസിന് കൈമാറി.
സംഭവത്തെപ്പറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. അതിജാഗ്രത പുലര്‍ത്തുന്ന പോലീസ് അക്കാദമിയില്‍നിന്ന് ബൈക്ക് സഹിതം ഒരു ഹവില്‍ദാര്‍ എങ്ങനെ പുറത്തിറങ്ങിയെന്നും മദ്യം ലഭ്യമല്ലാത്ത സമയത്ത് എവിടെനിന്ന് ഇയാള്‍ക്ക് മദ്യം കിട്ടിയെന്നും റോഡിലെ പോലീസ് വാഹനപരിശോധന മറികടന്ന് എങ്ങനെ പൊങ്ങണങ്കാട് വരെയെത്തിയെന്നും അന്വേഷിക്കുന്നുണ്ട്.
Leave a Reply