അഖിൽ മുരളി
ഇന്നെൻ ചാരെയായ് ചമഞ്ഞിരുന്നൊ-
രോട്ടുരുളി കൗതുകത്താൽ നോക്കീടവേ ഓർത്തുപോകുന്നൊരാ സുഖം
നിറഞ്ഞ കാലവൈഭവങ്ങൾ.
തിളക്കമോ മങ്ങിയവക്കിന്നൊ, രേകാന്ത
വാസ, സമമായൊരു ജീവിതമാടവേ.
കണിവെള്ളരി, മാമ്പഴം, അവക്കൊപ്പം
പഴവർഗ്ഗങ്ങൾ കണ്ടിടാൻ കൊതിക്കുന്നു
മാലോകരെന്നുമേ, മറക്കുന്നു മാനവൻ
നികത്തുന്നു വയലുകൾ, അഴിക്കുന്നു
ഭൂമി തൻ കോമള വേഷവും.
മുറ്റത്തിനോരത്ത് കണ്ടിടുന്നെന്നുടെ
പൂത്തൊരാകൊമ്പുകളോർമ്മകൾ മാത്രമായ്.
കണിയായ് കണ്ടിടാൻ പൂവണിഞ്ഞിന്നു ഞാൻ
മഞ്ഞപൊന്നാടചുറ്റിടും സുന്ദരിയാം യുവതിയെപോലെ.
എന്തിതു ചന്തം, നിർന്നിമേഷമായാ കാഴ്ച
കണ്ടിടാനുദിച്ചുയർന്നു ഹൃദ്രമ ദേവൻ,
മെല്ലെ മെല്ലവേ, യാ മഞ്ഞിൻ മൂടുപടമഴി-
ച്ചിടാൻ വെമ്പൽക്കൊണ്ടീടുന്നു ദേവൻ.
സ്നേഹമാണുദേവനെന്നിലായെന്നുമേ
സ്നേഹിച്ചീടുക ഞാനോ വ്യർത്ഥമായ്.
കണ്ണന്റെ ചിലമ്പൊലിപോലെയെന്നാകൃതി
തെന്നലിലേകുന്നു ഞാനാ നൂപുരനാദം,
മേടമാസമാണിത്, ആഗമനമോതിയെത്തീ വിഷുപ്പക്ഷികൾ, നെൽപ്പാടങ്ങൾ കനക
ശോഭയിലാടവേ, അണിഞ്ഞൊരുങ്ങീ പ്രഭാ-
വതിയായ് ഭൂമിദേവിയെനിക്കൊപ്പമായ്,
കൊട്ടും പാട്ടും തകര്പ്പുമായൊരുത്സവ-
കാല നാട്യത്തിൽ ലയിച്ചീടുന്നു വസുധ.
ഹുങ്കാരം മുഴങ്ങിയമാത്രമേൽ ഞെട്ടിയു-
ണർന്നു ഞാനാകെ പരവശയായ്, തിരിഞ്ഞു
നോക്കി ഞാനെന്നുടെയോരത്തു, കണ്ടില്ലാരുമേ
ഉന്മാദചിത്തരായ്.
തെറ്റിപ്പോകുന്നു കാലത്തിൻ കണക്കുകൾ
തേങ്ങി വിടരും ദളങ്ങൾ അറിയായുഗത്തിലായ്,
നിലതെറ്റി വീഴുന്നു നീർമുത്തുകൾ കവിൾ- ത്തുടുപ്പിലായ്, കണ്ണീരല്ലതു മഞ്ഞുതുള്ളിയെ-
ന്നറിഞ്ഞാലും.
ഇന്നുമോർക്കുന്നു ഞാനാജീവിതം, ഹർഷം
നിറഞ്ഞൊരാ നാൾ വഴികൾ, വിഷാദാനന്ദ
തിമിർപ്പിലാണ്ടൊരു ലാസ്യ, കദന പർവമിതെന്ന- റിഞ്ഞീടുന്നു,
വിറക്കുന്നു മേനിയും, നടുക്കുന്നു കാഴ്ചകൾ
ഉലയുന്നു മലരുകൾ, കൊഴിയുന്നു മണ്ണിലായ്,
കണിയായ് മാറിടാനിന്നെനിക്കാവില്ല, വിഷുദിന നാളിലായെന്മേനി കാണും ഇലകൾ മാത്രമായ്.
അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാക്‌ഫാസ്റ്റ് കോളേജിൽ നിന്നും എംസിഎ ബിരുദം പൂർത്തിയാക്കി അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ് അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.
ചിത്രീകരണം : അനുജ കെ
Leave a Reply