“ഒരു വടക്കൻ വീരഗാഥ” റിലീസ് ചെയ്തിട്ട് ഇന്ന് 31 വർഷം…..

മലയാള സിനിമയുടെ ചരിത്രം തിരുത്തിയ ചലച്ചിത്രകാവ്യങ്ങളുടെ കൂട്ടത്തിൽ ഒന്നാം നിരയിൽ നിർത്താവുന്ന “ഒരു വടക്കൻ വീരഗാഥ”പുറത്ത് വന്നിട്ട് ഇന്ന് 31 വർഷം. വിജയിച്ചവന്റെ കഥകൾ പാടി നടന്നിരുന്ന വടക്കൻ പാട്ട് സിനിമകൾ മാത്രം കണ്ട് ശീലിച്ച മലയാളികൾക്ക് , ഈ സിനിമ കൈകാര്യം ചെയ്ത, ചതിയൻ ചന്തുവിന്റെ വീരഗാഥ ഒരു പുതിയ അനുഭവം ആയിരുന്നു…
മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയ ഈ ചിത്രം, എം.ടിയുടെ അതിശക്തമായ തിരക്കഥാനൈപുണ്യം കൊണ്ട് മഹാവിജയം നേടുകയായിരുന്നു..

കൂടല്ലൂർ മന, മമ്മിയൂർ ആനക്കോട്ട, കൊല്ലംകോട് കൊട്ടാരം , ഗുരുവായൂർ ആനപ്പന്തി , ഭാരതപ്പുഴ എന്നിവിടങ്ങളിൽ വച്ചാണ് ഈ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്..
ഹരിഹരൻ സംവിധാനം ചെയ്ത ഈ സിനിമയിൽ – മമ്മൂട്ടി , മാധവി, ബാലൻ.കെ. നായർ , സുരേഷ് ഗോപി , ഗീത , ക്യാപ്റ്റൻ രാജു, ദേവൻ , ഭീമൻ രഘു , സുകുമാരി , ചിത്ര ,രാജലക്ഷ്മി, ജോമോൾ, വിനീത് കുമാർ, സൂര്യ…തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചു.

ബോംബെ രവി സംഗീത സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് കൈതപ്രവും, കെ.ജയകുമാറും ആയിരുന്നു.. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി ഗംഗാധരൻ, ഒരു കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഈ പടം 1989 ലെ വിഷു ചിത്രമായിരുന്നു.. അക്കൊല്ലത്തെ നാല് ദേശീയ പുരസ്‌കാരങ്ങളും, കേരള സർക്കാരിന്റെ ആറ് അവാർഡുകളും നേടിയ ഈ ചിത്രം 300 ദിവസത്തിലധികം കേരളത്തിൽ പ്രദർശിപ്പിച്ചു. ഈ ചിത്രത്തിലെ “ചന്ദനലേപ സുഗന്ധം… “മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീ സൗന്ദര്യവർണ്ണനാ ഗാനവും, “കളരി വിളക്ക് തെളിഞ്ഞതാണോ… “ഏറ്റവും മികച്ച പുരുഷസൗന്ദര്യ വർണ്ണനാഗാനവുമാണ്… കാലം കടന്ന് പോയിട്ടും ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒട്ടേറെ സംഭാഷണങ്ങൾ ഈ സിനിമയ്ക്ക് സ്വന്തം…ഉദാ:”മാലോകരുടെ ചോദ്യത്തിനോ നിനക്കോ മറുപടി വേണ്ടത്?? നീ അടക്കമുള്ള പെൺവർഗ്ഗം മറ്റാരും കാണാത്തത് കാണും. നിങ്ങൾ ശപിച്ചു കൊണ്ട് കൊഞ്ചും…ചിരിച്ചു കൊണ്ട് കരയും…മോഹിച്ചു കൊണ്ട് വെറുക്കും…!!

സിനിമയിലുടനീളം ചന്തുവിനെ നയിച്ചിരുന്നത് അയാൾക്ക്‌ ഉണ്ണിയാർച്ചയോടുള്ള പ്രണയമായിരുന്നു. അങ്ങനെ നോക്കുമ്പോൾ പൂർവകാല കാമുകിയെ തേടി ചെല്ലുന്ന കാമുക ഹൃദയത്തിന്റെ കഥയാണ് “ഒരു വടക്കൻ വീരഗാഥ”.