സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടണിലെ കൊറോണാ മരണങ്ങളിൽ 28 ശതമാനവും കെയർ ഹോമുകളിൽ താമസിക്കുന്നവരെന്നു റിപ്പോർട്ടുകൾ. ഏകദേശം 5300 ഓളം പേർ ഇതുവരെ കൊറോണ ബാധമൂലം കെയർ ഹോമുകളിൽ മരണപെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് ഒരു ഏകദേശ കണക്ക് മാത്രമാണെന്നും, ഇതിൽ കൂടുതൽ മരണങ്ങൾ നടന്നിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. കോവിഡ്-19 ബാധിച്ച് മരിച്ചവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ കൃത്യം കണക്ക് ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. നാലിൽ മൂന്ന് ശതമാനം കെയർഹോമുകളെയും കൊറോണ ബാധ അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
കെയർ ഹോമുകളിൽ എല്ലാംതന്നെ പ്രായമുള്ളവർ ആയതിനാലാണ് മരണനിരക്ക് ഉയരുന്നത്. എന്നാൽ 15% കെയർ ഹോമുകളിൽ മാത്രമാണ് രോഗം ബാധിക്കപ്പെട്ടിരിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എന്നാൽ ഈ പ്രസ്താവന വാസ്തവവിരുദ്ധം ആണെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. കൊറോണ വൈറസ് ബാധിച്ചാൽ തങ്ങളെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതില്ലെന്ന സമ്മതപത്രം ഹോമുകളിലെ അന്തേവാസികളിൽ നിന്നും അധികൃതർ മുൻകൂട്ടി ഒപ്പിട്ടു വാങ്ങുകയാണ്. ആശുപത്രികളിലെ രോഗികൾ കൂടുന്നത് ഒഴിവാക്കാനാണ് ഇത്തരം നീക്കം. 80 വയസ്സിന് മുകളിലുള്ളവർക്കാണ് രോഗം ബാധിച്ചാൽ മരണസാധ്യത ഏറ്റവും കൂടുതൽ ഉള്ളത്. വെന്റിലേറ്റർ ഉൾപ്പെടെയുള്ള ലൈഫ് സപ്പോർട്ടിംഗ് ഉപകരണങ്ങൾ നൽകുമ്പോൾ ചെറുപ്പക്കാർക്കും, ആരോഗ്യം ഉള്ളവർക്കും മുൻഗണന നൽകണമെന്ന് എൻഎച്ച്എസ് തന്നെ വ്യക്തമാക്കിയിരുന്നു.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇംഗ്ലണ്ടിൽ മാത്രം ഏപ്രിൽ മൂന്ന് മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിൽ 217 കെയർ ഹോം അന്തേവാസികൾ മരിച്ചതായി പറയുന്നു. കാര്യങ്ങൾ ഗൗരവമായി എടുക്കണം എന്ന ആവശ്യം പല ഭാഗത്തു നിന്നും ഉയർന്നു വന്നിട്ടുണ്ട്.
Leave a Reply