ഇന്ത്യന്‍ താരങ്ങള്‍ കളിച്ചത് ടീമിന് വേണ്ടിയല്ല മറിച്ച് സ്വന്തം നേട്ടത്തിന് വേണ്ടിയായിരുന്നുവെന്ന മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ് ന്റെ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മുന്‍ പാകിസ്താന്‍ നായകന്‍ റമീസ് രാജയുമൊത്തുള്ള ഇന്‍സമാമിന്റെ സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

‘ഞങ്ങള്‍ ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോള്‍ അവരുടെ ബാറ്റിംഗ് കടലാസില്‍ ഞങ്ങളെക്കാള്‍ ശക്തമായിരുന്നു. എന്നാല്‍ ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ 30 അല്ലെങ്കില്‍ 40 റണ്‍സ് നേടിയാലും അത് ടീമിനുവേണ്ടിയായിരുന്നു, എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം 100 റണ്‍സ് നേടിയാലും അവര്‍ തങ്ങള്‍ക്കുവേണ്ടി കളിച്ചു,’ യൂട്യൂബില്‍ റാമിസ് രാജയുമായുള്ള ചാറ്റ് ഷോയ്ക്കിടെയാണ് ഇന്‍സമാം പറഞ്ഞത്. പാകിസ്താന്‍ വിജയികളായ 1992ലെ ലോകകപ്പിനെക്കുറിച്ചാണ് ചര്‍ച്ച. പാക് ടീം പിന്തുടര്‍ന്ന പല കാര്യങ്ങളും ഇന്ത്യയുമായുള്ള പോരാട്ടവുമായിരുന്നു ചര്‍ച്ചാ വിഷയം. ഇതിനിടെയാണ് ഇന്‍സമാം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഒരു ഒളിയമ്പ് എറിഞ്ഞത്. ഇതിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് വലിയ വാക്‌പോരിന് വഴിവെച്ചു.

1991 മുതല്‍ 2007 വരെയുള്ള കരിയറില്‍ 120 ടെസ്റ്റുകളിലും 378 ഏകദിനങ്ങളിലും 1 ടി20 യിലും ദേശീയ ടീമിനെ പ്രതിനിധീകരിച്ചു ഇന്‍സമാം. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ 59 ടെസ്റ്റുകളും 132 ഏകദിനങ്ങളും 8 ടി 20 യും കളിച്ചിട്ടുണ്ട്. ഇതില്‍ യഥാക്രമം 9, 55, 6 മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ യഥാക്രമം 12, 73, 1 മത്സരങ്ങളില്‍ വിജയിച്ചു. ഏകദിന(50 ഓവര്‍) ലോകകപ്പിനെക്കുറിച്ച് പറയുമ്പോള്‍, പാകിസ്ഥാനെതിരെ കളിച്ച ഏഴ് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. ടി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്.