സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കോവിഡ് 19 ബാധിച്ചവരുടെ ചികിത്സയ്ക്കും, മറ്റ് പ്രവർത്തനങ്ങൾക്കുമായി എൻഎച്ച്എസിന് വേണ്ടി 29 മില്യൻ പൗണ്ടോളം സമാഹരിച്ച ടോം മൂറിന് തന്റെ നൂറാം പിറന്നാളിനോടനുബന്ധിച്ചു ലഭിച്ചത് ഒരുലക്ഷത്തോളം പിറന്നാൾ ആശംസ കാർഡുകളും, ആയിരത്തോളം സമ്മാനങ്ങളും. തുടക്കത്തിൽ 1000 പൗണ്ട് മാത്രം സമാഹരിക്കാൻ ഉദ്ദേശിച്ച് തുടങ്ങിയതായിരുന്നു ഈ ഉദ്യമം. പിന്നീട് വലിയൊരു തുക അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. തൻെറ നൂറാം പിറന്നാളിന് മുൻപായി പൂന്തോട്ടത്തിലൂടെ 100 തവണ നടക്കുക എന്നതായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. അദ്ദേഹം മുൻപ് പട്ടാളത്തിൽ ആയിരുന്നു സേവനം ചെയ്തിരുന്നത്. തനിക്ക് ലഭിച്ച ഈ സമ്മാനങ്ങളിൽ എല്ലാം തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പിതാവിനെ ലഭിച്ച ഈ സന്തോഷത്തിൽ താനും പങ്കുചേരുന്നു എന്ന് ടോം മൂറിന്റെ മൂത്തമകൾ ലൂസി ടെയ്ക്സിരാ അറിയിച്ചു. തന്റെ പ്രായാധിക്യത്തിലും എൻഎച്ച് എസിന് വേണ്ടി ഇത്രയധികം പണം സമാഹരിക്കാൻ മുന്നിട്ടിറങ്ങിയ ടോമിനെ നിരവധി ആളുകൾ അഭിനന്ദിച്ചു. കേംബ്രിഡ്ജിലെ ഡ്യൂക്കും ഭാര്യയും, ആക്ടർ മൈക്കിൾ ഷീൻ, ബോക്സർ ആയിരിക്കുന്ന അന്തോണി ജോഷ്വാ തുടങ്ങി പ്രശസ്തരായ പലരും ഇതിൽ ഉൾപ്പെടുന്നു. വെസ്റ്റ് യോർക്ക്ഷെയറിൽ ജനിച്ച ഇദ്ദേഹം പട്ടാളത്തിൽ ചേരുന്നതിനു മുൻപ് സിവിൽ എൻജിനീയർ ആയിരുന്നു. ഇന്ത്യ ഉൾപ്പെടെ പല സ്ഥലങ്ങളിലും അദ്ദേഹം ബ്രിട്ടന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.
അദ്ദേഹം തന്റെ അൻപതാം വയസ്സിൽ പമേലയെ ഭാര്യയാക്കി. ഇവർക്ക് രണ്ടു മക്കളാണ് ലൂസിയും ഹന്നയും. പിതാവാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് മൂത്ത മകൾ ലൂസി പറഞ്ഞു.
Leave a Reply