ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി റഷ്യ. റഷ്യയുടെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനും വ്യോമാതിര്‍ത്തി കടക്കുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. റഷ്യയുടെ സിവിൽ ഏവിയേഷൻ വകുപ്പാണ് വിലക്ക് പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ ഉപരോധ നടപടികൾക്ക് പ്രതികാരമായി റഷ്യ കൈകൊണ്ട തീരുമാനം ആണിത്. യുകെ വ്യോമയാന മന്ത്രാലയത്തിന്റെ സൗഹൃദപരമല്ലാത്ത തീരുമാനങ്ങൾക്കുള്ള മറുപടിയാണ് ഈ നീക്കമെന്ന് റഷ്യ പ്രതികരിച്ചു. റഷ്യയുടെ ദേശീയ വിമാന കമ്പനിയായ എയ്റോഫ്‌ളോട്ട് ബ്രിട്ടനിൽ ഇറങ്ങുന്നത് യുകെ വിലക്കിയിരുന്നു. ഇതിനെ തുടർന്ന് യുകെ വിമാനക്കമ്പനികളുടെ റഷ്യയിലേക്കുള്ള എല്ലാ വിമാനങ്ങളും ട്രാൻസിറ്റ് ഫ്ലൈറ്റുകളും വെള്ളിയാഴ്ച മുതൽ നിരോധിച്ചതായി റഷ്യ അറിയിച്ചു.

ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങളെയും തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. ലണ്ടനും മോസ്‌ക്കോയ്‌ക്കുമിടയിൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകളാണ് ബ്രിട്ടീഷ് എയർവേയ്സ് നടത്തിയിരുന്നത്. സേവനങ്ങൾ റദ്ദാക്കിയ വിവരം ഉപഭോക്താക്കളെ അറിയിക്കുകയാണെന്നും ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകുമെന്നും ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് അസൗകര്യമുണ്ടായതിൽ ക്ഷമ ചോദിച്ച അവർ, ഇത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യമാണെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് റഷ്യൻ വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തിയത്. ”പുടിന്റെ നീചമായ പ്രവർത്തികളെ അവഗണിക്കുമെന്ന് കരുതേണ്ട. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നവരോട് ഞങ്ങൾ ക്ഷമിക്കില്ല” – വിമാനവിലക്ക് ഏർപ്പെടുത്തിയ വിവരമറിയിച്ച് ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ട്വീറ്റ് ചെയ്തു. എന്നാൽ, റഷ്യ തിരിച്ചടി പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ ബ്രിട്ടീഷ് എയർവേസ് ഉടമകളായ ഇന്റർനാഷനൽ എയർലൈൻസ് ഗ്രൂപ്പ് റഷ്യൻ വ്യോമാതിർത്തിയിലൂടെയുള്ള യാത്രകൾ ഒഴിവാക്കുന്നതായി അറിയിച്ചിരുന്നു.

റഷ്യക്കുമേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും റഷ്യയുടെ അധിനിവേശത്തെ ലോകം അപലപിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. ചെർണോബിൽ ആണവ നിലയത്തിന്റെ ഭാഗങ്ങൾ റഷ്യൻ സൈന്യം നിയന്ത്രണത്തിലാക്കിയതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് സ്ഥിരീകരിച്ചു. ചെർണോബിൽ പിടിച്ചെടുത്തത് മറ്റൊരു പാരിസ്ഥിതിക ദുരന്തത്തിന് വഴിയൊരുക്കുമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഏറ്റുമുട്ടലിന് പിന്നാലെ ചെർണോബിൽ ആണവ പവർ പ്ലാനിന്റെ സൈറ്റിൽ നിന്ന് റേഡിയേഷൻ അളവ് വർദ്ധിച്ചതായി യുക്രൈൻ ആണവ ഏജൻസി ഇന്ന് പറഞ്ഞു. മേഖലയിൽ ആണവവികിരണത്തിൻ്റെ തോത് വർദ്ധിച്ചതായി ആണവ ഏജൻസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തിരുന്നു.