റ്റിജി തോമസ്
ലോക്ഡൗൺ കാലത്ത് മലയാളിയെ ചൂടുപിടിപ്പിച്ച വിവാദമായിരുന്നു സ്പ്രിൻക്ലറുമായി ബന്ധപ്പെട്ടത്. കോവിഡ്-19 ബാധിച്ച മലയാളികളുടെ വിവരശേഖരണവും ഏകോപനവും അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിന് നൽകിയതിനെതിരെ പ്രതിപക്ഷവും അനുകൂലിച്ച് ഭരണപക്ഷവും ഒക്കെയായി ചർച്ചകൾ അരങ്ങു തകർത്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പല മുന്നേറ്റങ്ങൾക്കും വഴിതുറന്നത് ഡേറ്റയോട് അനുബന്ധമായിട്ടുള്ള വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റമാണ്. ഇന്ന് ഡേറ്റ കൈവശം വച്ചിരിക്കുന്ന മൾട്ടിനാഷണൽ കമ്പനികളാണ് ലോകത്തെ നിയന്ത്രിക്കാൻ പോകുന്നത്. ഗൂഗിളും, ആമസോണും, മൈക്രോസോഫ്റ്റും, ഫേസ്ബുക്കും ഇതാ ഇപ്പോൾ ഫേസ്ബുക്കുമായി ഓഹരി പങ്കാളിത്തത്തോടെ ജിയോയും ഒക്കെ ഈ നിലയിലുള്ള മുൻനിര കമ്പനികളാണ്.
ആശുപത്രി രേഖകളിൽ ഉള്ള രോഗികളുടെ പേരും വയസ്സും രോഗവിവരങ്ങളും ഒക്കെ ഡേറ്റ എന്ന് വിശേഷിപ്പിക്കുമ്പോൾ അതിൽ എത്ര പേർക്ക് പ്രമേഹം ഉണ്ട് അല്ലെങ്കിൽ ഹൃദ് രോഗം ഉണ്ട് അവർ ജീവിക്കുന്ന സ്ഥലവും അവരുടെ രോഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ രീതിയിൽ ഡേറ്റായെ വിശകലനം ചെയ്യുമ്പോൾ നമ്മൾക്ക് ഡേറ്റയിൽ നിന്ന് ഇൻഫോർമേഷൻ ലഭ്യമാകും. ഇവിടെയാണ് ഡേറ്റയും ഇൻഫർമേഷനും തമ്മിലുള്ള കാതലായ വ്യത്യാസം നമ്മൾ മനസ്സിലാക്കേണ്ടത്. ഡേറ്റയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ വിവരങ്ങൾക്ക് പുറകെയാണ് ലോകം.
എല്ലാ വൻകിട കമ്പനികളും ജനങ്ങളുടെ അഭിരുചിക്കനുസരിച്ച് പുതിയ ഉൽപ്പന്നങ്ങളെ രൂപകൽപ്പന ചെയ്യുന്നത് ഇങ്ങനെ വിശകലനം ചെയ്യുന്ന അറിവുകളുടെ അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന് മാരുതി പോലുള്ള വാഹന നിർമ്മാതാക്കൾക്ക് തങ്ങളുടെ പുതിയ വാഹനങ്ങൾ വിപണിയിൽ ഇറങ്ങുമ്പോൾ അവർ ആശ്രയിക്കുന്നത് ഈ വിവരങ്ങളെയാണ്. വൻകിട മരുന്ന് കമ്പനികൾക്ക് പുതിയ മരുന്നുകൾ വിപണിയിൽ ഇറക്കുന്നതിനും ആശ്രയിക്കുന്നത് ഡേറ്റയിൽ നിന്ന് പ്രോസസ് ചെയ്തെടുക്കുന്ന ഈ അറിവുകളെ അല്ലാതെ മറ്റൊന്നിനെയും അല്ല. ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയെടുക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രാജ്യത്തെ തെരഞ്ഞെടുപ്പു ഫലത്തെ തങ്ങൾക്ക് അനുകൂലമാക്കാൻ രാഷ്ട്രീയപാർട്ടികളെ സഹായിച്ചേക്കാം. ഈ രീതിയിൽ ഇന്ന് എവിടെയും എന്തിനും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആശ്രയിക്കുന്നത് ഡേറ്റയെ ആണ്.
ഗൂഗിൾ സെർച്ചിനോട് ബന്ധപ്പെട്ട പരസ്യങ്ങൾ നമ്മുടെ ഇ-മെയിൽ ബോക്സിലോ ഫേസ്ബുക്കിലോ കയറി വരുമ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ടോ? ഫ്രീയായി തരുന്ന ഇ-മെയിൽ സേവനങ്ങളിലും സോഷ്യൽമീഡിയയിലുമൊക്കെ നമ്മളിൽ നിന്ന് ശേഖരിക്കുന്ന ഡേറ്റയിൽ നിന്ന് വിശകലനം ചെയ്‌തെടുക്കുന്ന അറിവുകളിലേയ്ക്ക് വൻകിട കമ്പനികൾ എങ്ങനെ എത്തിപ്പെടുന്നു എന്നതിനുള്ള ചെറിയ ഒരു ഉദാഹരണം മാത്രമാണിത്.
അതെ ഇനിയുള്ള ലോകം നിയന്ത്രിക്കുന്നത് ഡേറ്റയുടെ അധിപന്മാരായിരിക്കും .
Leave a Reply