റ്റിജി തോമസ്

ഞാൻ അവാർഡ് സ്വീകരിച്ചത് മലയാളം യുകെ സീനിയർ അസോസിയേറ്റീവ് എഡിറ്റർ ഷിബു മാത്യുവിൽ നിന്നാണ് . യുകെയിൽ എത്തുന്നതിന് മുമ്പ് കേരളത്തിൽ ഒരു മാധ്യമത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം എന്നും പത്രപ്രവർത്തനത്തിനോട് അതിയായ അഭിനിവേശം കാത്തുസൂക്ഷിക്കുന്നയാളാണ് . തന്റെ തിരക്കുകൾ മാറ്റിവെച്ച് എന്നെ സ്വീകരിക്കാൻ അദ്ദേഹം മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തിയിരുന്നു. യുകെയിൽ വച്ച് തുടങ്ങിയ പരിചയം അദ്ദേഹം കേരളത്തിൽ അവധിക്ക് വരുമ്പോൾ കണ്ടുമുട്ടാനും പല വിഷയങ്ങളെ കുറിച്ചുമുള്ള ചർച്ചകൾക്ക് തുടക്കമിടാൻ സാധിക്കുകയും ചെയ്തു. ഒരിക്കൽ ഞാൻ ജോലി ചെയ്യുന്ന തിരുവല്ലയിലെ മാക്ഫാസ്റ്റ് കോളേജിൽ അദ്ദേഹം സന്ദർശിക്കുകയുണ്ടായി. ഷിബു മാത്യുവിനൊപ്പം വർക്കല ശിവഗിരി മഠത്തിലേയ്ക്കുള്ള യാത്രയും മഠാധിപതി സച്ചിദാനന്ദ സ്വാമികളുമായി രണ്ടു മണിക്കൂറിലേറെ നേരം നടന്ന സംവാദങ്ങളും മനസ്സിൽ എന്നും പച്ച പിടിച്ചു നിൽക്കുന്ന കാര്യങ്ങളാണ്.

മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഭക്ഷണം ക്രമീകരിച്ചിരുന്നത് ലീഡ്സ് തറവാടായിരുന്നു. യുകെ മലയാളിയും പാല സ്വദേശിയുമായ സിബിയുടെ നേതൃത്വത്തിൽ മലയാള തനിമയുള്ള ഭക്ഷണങ്ങൾ കേരളത്തിൽ കിട്ടുന്നതിനെക്കാൾ രുചികരമായി വിളമ്പുന്നു എന്നതാണ് ലീഡ്സ് തറവാടിന്റെ പ്രത്യേകത. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും പ്രശസ്തരായ മറ്റ് പലരും തറവാട് ലീഡ്‌സ് സന്ദർശിച്ചതിന്റെ വാർത്തകൾ നേരത്തെ വായിച്ചറിഞ്ഞിരുന്നു. നാളുകൾക്ക് ശേഷം തറവാടിന്റെ രുചിക്കൂട്ട് കൊതിപ്പിക്കുന്ന ഓർമ്മകളായി ഇപ്പോഴും മനസിലുണ്ട് .

തിരക്കിനിടയിൽ പരിചയപ്പെടണം എന്ന് വിചാരിച്ച ഒരാളെ കണ്ടുമുട്ടാൻ സാധിച്ചില്ല. അത് മലയാളം യുകെയിൽ ഈസി കുക്കിംഗ് എന്ന പംക്തി കൈകാര്യം ചെയ്തിരുന്ന നോബി ജെയിംസിനെയാണ്. മലയാളം യുകെ അവാർഡ് നൈറ്റിൽ ആദരിക്കപ്പെടുന്ന വ്യക്തികളുടെ ഗണത്തിൽ നോബിയും ഉണ്ടായിരുന്നു. അത് പക്ഷേ പാചക നൈപുണ്യത്തിന്റെ പേരിലായിരുന്നില്ല. മറിച്ച് സമാനതകളില്ലാത്ത ഒരു ദുരന്തത്തെ സമചിത്തതയോടെ നേരിട്ടതിനായിരുന്നു.

ഷെഫായി ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് ഡ്രൈവറായി സേവനം ചെയ്യുന്ന നോബിക്ക് ഒരു ഇംഗ്ലീഷുകാരനായ ആർമി ഓഫീസറിൽ നിന്ന് മരണത്തിലേക്ക് വരെ നയിക്കപ്പെടാവുന്ന രീതിയിൽ ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്ന കാര്യവും തുടർ സംഭവങ്ങളും ജോജി എന്നോട് നേരെത്തെ പറഞ്ഞിരുന്നു. നോബിയെ മർദ്ദിച്ച ആർമി ഓഫീസർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച കാര്യം യുകെയിലെ മുൻ നിര മാധ്യമങ്ങളിലെല്ലാം വാർത്തയായിരുന്നു. മരണതുല്യമായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട നോബിയുടെ ജീവിതം പിന്നീട് അതിജീവനത്തിന്റേതായിരുന്നു. ശാരീരികമായ വൈഷമ്യത്തിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിച്ചില്ലെങ്കിലും നോബി തൻറെ ജീവിതം ധീരമായി തിരികെ പിടിച്ചു. ജോലിയിലും പാചക കുറിപ്പുകളുമായി സമൂഹമാധ്യമങ്ങളിലും മറ്റുള്ളവർക്ക് പ്രചോദനമായും നോബി ഇന്ന് യുകെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമാണ്.

ഒന്നു രണ്ടു കാര്യങ്ങൾ കൂടി പങ്കുവെച്ച് മലയാളം യുകെ അവാർഡ് നൈറ്റിനെ കുറിച്ചുള്ള ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കാം..

അവാർഡ് നൈറ്റിനെ കുറിച്ച് ഇതുവരെ എഴുതിയതെല്ലാം യുകെ മലയാളികളെ കുറിച്ചാണ് . എന്നാൽ ഇനി എഴുതാൻ പോകുന്നത് തദ്ദേശീയരായ ഇംഗ്ലീഷുകാരെ കുറിച്ചാണ്. പരിപാടി നടന്ന സ്ഥലമായിരുന്ന വെസ്റ്റ് യോർക്ക് ഷെയറിലെ എംപി , മേയർ, കൗൺസിലർ എന്നിവർ കുടുംബസമേതമാണ് മലയാളം യുകെ അവാർഡ് നൈറ്റിൽ എത്തി ചേർന്നിരുന്നത് . നേരത്തെ എത്തിച്ചേർന്ന അവരെ പരിചയപ്പെടാൻ ഔപചാരിക ചടങ്ങ് തുടങ്ങുന്നതിനു മുമ്പ് എനിക്ക് അവസരം ലഭിച്ചിരുന്നു. കേരളത്തിലെ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന അവരുടെ പരിപാടികളിൽ ഉടനീളമുള്ള പെരുമാറ്റം. മലയാളികളേക്കാൾ ആവേശത്തോടെ അവാർഡ് നൈറ്റിൽ പങ്കെടുക്കുന്ന എംപിയും മേയറും കൗൺസിലറും എൻറെ മനസ്സിൽ സ്ഥാനം പിടിക്കാൻ ചില കാരണങ്ങൾ ഉണ്ടായിരുന്നു. ഒരു കാരണം പരിപാടിയിൽ തുടക്കം മുതൽ അവസാനം വരെ അവരുടെ സാന്നിധ്യമായിരുന്നു. ചുറ്റും പാർട്ടിക്കാരും അനുചരവൃദ്ധവും ഇല്ലാതെ ജനങ്ങളിൽ ഒരാളായി അലിഞ്ഞുചേരുന്ന ജനപ്രതിനിധികളെ നമ്മൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ?

മലയാളം യുകെ അവാർഡ് നൈറ്റിൽ മൂന്നു വയസ്സ് മാത്രം പ്രായമുള്ള അരുണിമ സജീഷ് എന്ന കൊച്ചുമിടുക്കി ഏകദേശം 5 മിനിറ്റോളം വരുന്ന ഒരു മലയാള ഗാനം വളരെ മനോഹരമായി ആലപിച്ച് കാണികളെ ഒന്നടങ്കം കൈയ്യിലെടുത്ത് നടത്തിയ പ്രകടനം അതിശയകരമായിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് ആ കൊച്ചു മിടുക്കിയുടെ പ്രതിഭയെ കാണികൾ പ്രോത്സാഹിപ്പിച്ചത്. അരുണിമ സജീഷിന്റെ പാട്ട് അവസാനിച്ചപ്പോൾ സദസ്സിൽ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച്‌ ഏറ്റവും മനോഹരമായ പ്രോത്സാഹനം നൽകിയത് എംപിയും മേയറും കൗൺസിലറും ഒന്നിച്ചായിരുന്നു. മലയാളി സമൂഹം തൊട്ടുപിന്നാലെ അവരോടൊപ്പം ചേരുകയായിരുന്നു. അവരുടെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ കൈയ്യടിയോടെ വേദി വിട്ടിറങ്ങേണ്ടി വരുമായിരുന്നു . ആ കുരുന്നിനും പിതാവായ സജീഷ് ദാമോദരനും മാതാവും സംഗീതജ്ഞയുമായ സ്മിതയ്ക്കും അത് തികച്ചും അവസ്മരണീയമായ അനുഭവമായി മാറിയത് നിറഞ്ഞ സദസ്സിലെ കാണികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചതോടെയാണ്.

പരിപാടികൾ വിജയകരമായി പൂർത്തിയായി . വളരെ ദൂരത്തുനിന്ന് എത്തിയവർ ഒട്ടേറെയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും തിരിച്ചു പോകുന്ന തിരക്കിലാണ്. ഒരു ആസാദാരണ സംഭവത്തിലെയ്‌ക്കാണ്‌ പെട്ടെന്ന് എന്റെ ശ്രദ്ധ ആകർഷിച്ചത്.. പരിപാടിയുടെ ആദ്യം മുതൽ അവസാനം വരെ മുൻനിരയിലിരുന്ന കൗൺസിലർ പോൾ കുക്ക് വേസ്റ്റ് ബോക്സിലേക്ക് ഹാളിൽ ചിതറി കിടക്കുന്ന കടലാസ് കഷണങ്ങളും മറ്റും എടുത്തിടുന്നു. അത് കണ്ട് മറ്റുള്ളവരും അതിനൊപ്പം ചേരുന്നു. ഇങ്ങനെ ചെയ്യാൻ അദ്ദേഹം ആർക്കെങ്കിലും നിർദ്ദേശം കൊടുക്കുന്നതായി കണ്ടില്ല. മറിച്ച് മുന്നിൽ നിന്ന് കാണിച്ചു കൊടുക്കുകയായിരുന്നു. മിനിറ്റുകൾക്കകം പരിപാടി കഴിഞ്ഞ് ആകെ അലങ്കോലമായി കിടന്നിരുന്ന ഹാളിലെ വേസ്റ്റുകൾ അപ്രത്യക്ഷമായി. ഇംഗ്ലണ്ടിലെ ഈ ജനപ്രതിനിധികളുടെ ഇടപെടലിൽ എനിക്ക് അവരോട് അതിയായ ബഹുമാനം തോന്നി. ആളും ആരവുമില്ലാതെ ജനങ്ങളിൽ അലിഞ്ഞുചേരുന്ന ജനപ്രതിനിധികളെ ഇന്ത്യയിൽ കാണാൻ സാധിക്കുമോ?

അതിലും വലിയ അത്ഭുതമായിരുന്നു ലണ്ടൻ പാർലമെൻറ് മന്ദിരത്തിന് മുന്നിൽ കാത്തിരുന്നത്. അത് ലണ്ടൻ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ എഴുതാം.

റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.