കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് അവശ്യസേവന പ്രവര്‍ത്തകര്‍ക്കും ആദരവുമായി ന്യൂയോര്‍ക്ക്. യുഎസ് സൈനിക വിഭാഗമാണ് നഗരത്തിന്റെ മുകളിലൂടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറന്നുയര്‍ത്തി പ്രകടനം കാഴ്ചവെയ്ച്ച് ആദരവ് അറിയിച്ചത്.

വ്യോമസേനയുടെ തണ്ടര്‍ബേര്‍ഡ്സും നാവികസേനയുടെ ബ്ലൂ എയ്ഞ്ചല്‍സും ചേര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ആകാശത്ത് പ്രകടനം നടത്തിയത്. ന്യൂയോര്‍ക്കിനും നെവാര്‍ക്കിനുമിടയില്‍ 40 മിനിറ്റോളമാണ് വിമാനങ്ങള്‍ പറന്ന് പൊന്തിയത്. ശേഷം, ട്രെന്റണ്‍, ഫിലാഡല്‍ഫിയ എന്നിവടങ്ങളിലും ആകാശത്തും പ്രകടനം തുടര്‍ന്നു.

വൈറസ് വ്യാപനനിയന്ത്ര നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിതമായ അകലം പാലിച്ചാണ് ആളുകള്‍ പ്രകടനം കാണാന്‍ നിലയുറപ്പിച്ചിരുന്നതെന്ന് എടുത്ത് പറയാവുന്ന മറ്റൊന്നു കൂടിയാണ്. കൊവിഡ്-19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര പോരാട്ടം നടത്തുന്നവര്‍ക്കായി ഇത്തരമൊരു പ്രകടനം നടത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ബ്ലൂ എയ്ഞ്ചല്‍സ് കമാന്‍ഡര്‍ ബ്രയാന്‍ കെസ്സല്‍റിങ് പ്രതികരിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരുടെ കൃതജ്ഞതയും രാജ്യസ്നേഹവും നിറഞ്ഞ പ്രകടനമാണിതെന്ന് നെവാര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയുടെ പ്രസിഡന്റും സിഇഒയുമായ ഷെരീഫ് എല്‍നഹല്‍ ട്വീറ്റ് ചെയ്തു. പലരും ഈ ആദരവിന് ഇപ്പോള്‍ കൈയ്യടിക്കുകയാണ്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറയുകയാണ്.