തൊടുപുഴ ∙ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ.മാത്യു ആനിക്കുഴിക്കാട്ടിൽ (78) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽവച്ചു പുലര്‍ച്ചെ 1.38 നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. ഹൈറേഞ്ചിലെ പാവപ്പെട്ടവന്റെയും കർഷകന്റെയും സാധാരണക്കാരന്റെയും ശബ്‌ദമായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.

മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മെത്രാഭിഷേകവും ഇടുക്കി രൂപതാ ഉദ്‌ഘാടനവും ഒന്നിച്ചാണു നടന്നത്‌. മലയോര ജനതയുടെ സമഗ്രവളർച്ച ലക്ഷ്യമിട്ടു പ്രവർത്തിച്ച മെത്രാൻ വിദ്യാസമ്പന്നവും നേതൃത്വപാടവവുമുള്ള പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ ജാഗ്രതയോടെ പരിശ്രമിച്ചു. ഇന്നു 150ൽ അധികം ഇടവകകളും 198 വൈദികരും രൂപതയ്ക്കു സ്വന്തമായുണ്ട്‌. 2018 മാർച്ചിലാണ് ഒന്നര പതിറ്റാണ്ടു നീണ്ട തന്റെ രൂപതാ അജപാലന ദൗത്യത്തിൽ നിന്നു മാർ ആനക്കുഴിക്കാട്ടിൽ സ്വയം സ്ഥാനമൊഴിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗാഡ്ഗിൽ, കസ്തൂരിരംഗൻ സമര കാലത്തും, പട്ടയ പ്രശ്നങ്ങളിലും ജില്ലയിലെ ഭൂപ്രദേശങ്ങൾക്കും വികസനങ്ങൾക്കും ഒപ്പം സഞ്ചരിച്ച ഇടയനാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരിയായിരുന്നു. 1971 മാർച്ച്‌ 15 ന്‌ കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയിൽ മാർ മാത്യു പോത്തനാംമൂഴിയിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. കോതമംഗലം സെന്റ്‌ ജോർജ്‌ കത്തീഡ്രലിൽ അസി. വികാരിയായാണ് ആദ്യ നിയമനം.

തുടർന്ന് ജോസ്‌ഗിരി, ചുരുളി, എഴുകുംവയൽപള്ളികളിൽ വികാരിയായി. പിന്നീട് ബൽജിയം ലൂവൈൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം. പിന്നീട്‌ കോതമംഗലം രൂപതാ ചാൻസലർ. 2003ൽ മൈനർ സെമിനാരിയുടെ റെക്‌ടറായിരിക്കെയാണ്‌ ഇടുക്കി ബിഷപായി അഭിഷിക്തനാകുന്നത്‌. 15 വർഷം ഇടുക്കിയിലെ ആത്മീയ സാമൂഹിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടിൽ ലൂക്കാ-ഏലിക്കുട്ടി ദമ്പതികളുടെ 15 മക്കളിൽ മൂന്നാമനാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.