സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസിനെതിരായ മുൻനിര പോരാട്ടത്തിൽ നിന്ന് ഏഷ്യൻ കറുത്ത വംശജരായ ആശുപത്രി ജീവനക്കാരെ ഒഴിവാക്കണമെന്ന് എൻ എച്ച് എസ് മെമ്മോ. കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ വംശജരായ എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥർ കൊറോണ വൈറസിന് കൂടുതൽ ഇരയാകാമെന്ന ആശങ്ക മൂലമാണിത്. എൻ‌എച്ച്‌എസ് ഇംഗ്ലണ്ടിൽ നിന്ന് രാജ്യവ്യാപകമായി ആശുപത്രികളിലേയ്ക്ക് അയച്ച പുതിയ മാർഗ്ഗനിർദ്ദേശം ഏഷ്യൻ കറുത്ത വംശജരായ ജീവനക്കാരോട് പ്രത്യേക മുൻകരുതൽ കൈക്കൊള്ളാൻ ആവശ്യപ്പെടുന്നു. കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യ, സാമൂഹ്യ പരിപാലന ജോലിക്കാരിൽ 63 ശതമാനവും വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ 21 വരെ ഉണ്ടായ ആശുപത്രി മരണങ്ങളിൽ 16 ശതമാനം ഏഷ്യൻ കറുത്ത വംശജരായ രോഗികലായിരുന്നു. എൻ‌എച്ച്‌എസ് ചീഫ് എക്‌സിക്യൂട്ടീവ് സർ സൈമൺ സ്റ്റീവൻസ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അമണ്ട പ്രിറ്റ്‌ചാർഡ് എന്നിവരിൽ നിന്ന് ആശുപത്രികൾക്ക് ഒരു കത്ത് ലഭിച്ചതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. “പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് ഏഷ്യൻ കറുത്ത വംശജ പശ്ചാത്തലത്തിലുള്ള ആളുകളെ കോവിഡ് -19 കൂടുതലായി ബാധിക്കുന്നു എന്നതാണ്. ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ്, പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ടിനോട് ഇത് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടസാധ്യതയുള്ള ഉദ്യോഗസ്ഥരെ വിലയിരുത്തി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക. ” കത്തിൽ ഇപ്രകാരം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏഷ്യൻ കറുത്ത വംശജരായ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർക്ക് കൊറോണ വൈറസ് വാർഡുകളിൽ നിന്ന് മാറി അപകടസാധ്യത ഇല്ലാത്ത ജോലികൾ നൽകേണ്ടതായി വരും. എൻഎച്ച്എസ് ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ ലൂയിസ്, സ്റ്റാഫിന് അയച്ച കത്തിൽ ഇപ്രകാരം പറയുന്നു ; ” ഇതാണ് ശരിയായ സമീപനം എന്ന് ഞങ്ങൾ കരുതുന്നു.” ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടുതുടങ്ങി ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ ഏഷ്യൻ കറുത്ത വംശജരായ സ്റ്റാഫുകൾക്കും അവരുടെ കുടുംബങ്ങൾക്കും പരിശോധന ലഭ്യമാക്കണം എന്നും കത്തിൽ പറയുന്നു. കൂടാതെ അവർക്ക് സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യണം. “ഞങ്ങളുടെ സഹപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഇത് എത്രമാത്രം ആശങ്കാജനകമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു, അവർക്ക് കഴിയുന്നത്ര പിന്തുണ നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ലൂയിസ് കൂട്ടിച്ചേർത്തു. മാസ്കുകൾ ഉപയോഗിക്കുന്നത് രോഗവ്യാപനത്തെ തടയാൻ സഹായിക്കുന്നു. വായയും മൂക്കും മൂടുന്ന ഫെയ്‌സ് മാസ്കുകൾ ധരിക്കുക, മാസ്കിൽ സ്പർശിക്കുന്നത് ഒഴിവാക്കുക, ഓരോ ഉപയോഗത്തിനും ശേഷം നനഞ്ഞതും ഒറ്റത്തവണ ഉപയോഗിക്കുന്നതുമായ മാസ്കുകൾ ഉപേക്ഷിക്കുക, മാസ്ക് ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

ജോലിസ്ഥലത്ത് ഉണ്ടാവുന്ന പ്രതിസന്ധികൾക്ക് ഒരു പരിധി വരെ കാരണം അപര്യാപ്തമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തതയാണ് . മതിയായ പിപിഇ ഇല്ലാതെ രോഗികളെ ചികിത്സിക്കുന്നത് അപകടസാധ്യത ഉയർത്തുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ച യുകെയിലെ ആദ്യത്തെ പത്ത് ഡോക്ടർമാർ എല്ലാവരും ഏഷ്യൻ കറുത്ത വംശജർ പശ്ചാത്തലമുള്ളവരാണ്. എൻ‌എച്ച്‌എസ് വർക്ക് ഫോഴ്‌സ് ആൻഡ് ഇക്വാലിറ്റി ഡയറക്ടർ ഡോ. ഹബീബ് നഖ്‌വി പറഞ്ഞു: “കറുത്ത, ന്യൂനപക്ഷ വംശജരായ ഉദ്യോഗസ്ഥർ ഈ മഹാമാരിയാൽ മരിക്കുന്നുവെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.” “ഏതൊക്കെ ഗ്രൂപ്പുകളാണ് കൂടുതൽ അപകടസാധ്യതയുള്ളവരെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ അവരെ സംരക്ഷിച്ചു സഹായിക്കാൻ ഞങ്ങൾക്കാവും.” ; ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി അറിയിച്ചു.