കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന നടന്‍ ദിലീപിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ആലുവ സബ് ജയിലില്‍ നിന്ന് രാവിലെ 10 മണിയോടെ ദിലീപിനെ കോടതിയില്‍ എത്തിച്ചിരുന്നു.

ദിലീപിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. തുറന്ന കോടതിയിലായിരിക്കും ജാമ്യാപേക്ഷ പരിഗണിക്കുക. കസ്റ്റഡി അനുവദിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ സാധ്യതയില്ല. കീഴ്‌ക്കോടതിയില്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ ഇന്നുതന്ന ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കെ.രാംകുമാര്‍ ആണ് ദിലീപിനു വേണ്ടി ഹാജരാകുന്നത്.

കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെയും പൊലീസ് ചോദ്യം ചെയ്തേക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന നടന്നു എന്ന് കണ്ടെത്തിയ സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ദിലീപ് നായകനായ സൗണ്ട തോമ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് ഗൂഢാലോചന നടന്നതെന്ന് വ്യക്തമായിരുന്നു. അമ്മ ഷോയുടെ സമയത്തും മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ സുനി എത്തിയിരുന്നു.