തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് പരിശോധിക്കുകയോ തിരിച്ചറിയുകയോ ചെയ്യാത്ത 239 രോഗികൾ വരെ ഉണ്ടാകാൻ സാധ്യതയെന്നു പഠനം. യുഎസിൽ ഗവേഷകനും സ്റ്റാറ്റിസ്റ്റിക്കൽ സിഗ്നൽ പ്രോസസിങ് വിദഗ്ധനുമായ ഡോ. ജയകൃഷ്ണൻ ഉണ്ണിക്കൃഷ്ണൻ, ഡേറ്റ സയന്റിസ്റ്റും മെഷീൻ ലേണിങ് വിദഗ്ധനുമായ ഡോ. സുജിത് മംഗലത്ത് എന്നിവർ കേരളത്തിലെയും മറ്റു രാജ്യങ്ങളിലെയും കോവിഡ് ബാധിതരുടെ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണു വിലയിരുത്തൽ.
കേരളത്തിൽ പരിശോധനകളുടെ എണ്ണം താരതമ്യേന കുറവാണെന്നതും രോഗലക്ഷണങ്ങളില്ലാത്ത ഒട്ടേറെ രോഗികളുണ്ടെന്നതുമാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന കാരണങ്ങൾ. പകർച്ചവ്യാധി വ്യാപനക്കണക്ക് പരിശോധിക്കാനുള്ള കേസ് ഫെയ്റ്റാലിറ്റി റേറ്റ് (സിഎഫ്ആർ), കറക്ടഡ് കേസ് ഫെയ്റ്റാലിറ്റി റേറ്റ് (സിസിഎഫ്ആർ) എന്നിവയുടെ താരതമ്യത്തിലൂടെയാണു റിപ്പോർട്ട് ചെയ്യാത്ത രോഗികളുടെ എണ്ണം കണക്കാക്കിയത്. ഇവരിൽ രോഗം മാറിയവരും ഇപ്പോൾ രോഗലക്ഷണമുള്ളവരും ഉണ്ടാകാം.
കേരളത്തിലെ പ്രതിരോധപ്രവർത്തനങ്ങൾ മികച്ചതാണെങ്കിലും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ആളുകൾ കൂട്ടത്തോടെ തിരിച്ചെത്തുന്ന സാഹചര്യത്തിൽ മുൻകരുതൽ പരിശോധന കർശനമാക്കണമെന്നു പഠനം നിർദേശിക്കുന്നു.
ശരീരോഷ്മാവ് അളക്കാനുള്ള ക്യാമറ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും മാർക്കറ്റുകളിലും സ്ഥാപിക്കുന്നതും പരിധിയിലേറെ ചൂടുള്ളവരിൽ രോഗപരിശോധന നടത്തുന്നതും പ്രയോജനകരമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
Leave a Reply