വീട്ടില്‍ ഇരിക്കുന്നവരെ ന്യൂസ് റൂമിലേക്ക് വലിച്ചിഴച്ചാല്‍ നീ വിവരമറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജുവിന് പരസ്യ ഭീഷണിയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ചാനല്‍ ചര്‍ച്ചയില്‍ അന്‍വറിനെതിരെയുള്ള എം ലിജുവിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് അന്‍വര്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയത്. കേരളത്തില്‍ 11 ലക്ഷം പ്രവാസികള്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കഴിയുന്നുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞെന്നായിരുന്നു ലിജു ആരോപിച്ചത്. തുടര്‍ന്നാണ് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളിലായി ലിജുവിനെതിരെ രൂക്ഷമായ ഭാഷയില്‍ അന്‍വര്‍ രംഗത്തെത്തിയത്. വീട്ടിലുള്ളവരെക്കുറിച്ച് പറഞ്ഞാല്‍ അപ്പോള്‍ കാണിച്ചു തരാമെന്നായിരുന്നു പി വി അൻവർ എംഎൽ എ പറഞ്ഞത്. പല്ലുകൊണ്ട് ഡാം കെട്ടിയില്ലെങ്കിലും അത്യാവശ്യം നട്ടെല്ല് ബാക്കിയുണ്ട്. എം ലിജുവല്ല, ഏത് ലിജുവാണെങ്കിലും നാക്കിനെല്ലില്ലെന്ന് കരുതി എന്തും പറയരുതെന്നു പോസ്റ്റിൽ വ്യക്തമാക്കുന്നു. വാക്കുകൾ കൊണ്ട് സംസാരിക്കുമ്പോൾ കായികമായി നേരിടുമെന്ന ധ്വനിയിൽ ഒരു ജനപ്രതിനിധിയുടെ സംസാരം. സോഷ്യൽ മീഡിയയിൽ തന്നെ വിമർശനങ്ങൾ നേരിടുകയാണ് എംഎല്‍എ പി വി അന്‍വര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

@M Liju
മാന്യമായി രാഷ്ട്രീയം പറയുന്നെങ്കിൽ അത്‌ പറയണം. വീട്ടിൽ ഇരിക്കുന്നവരെ ന്യൂസ്‌ റൂമിലേക്ക്‌ വലിച്ചിഴച്ചാൽ നീ വിവരം അറിയും. എല്ലാവരും രാഷ്ട്രീയം പറയാറുണ്ട്‌.ഞാനും പറയാറുണ്ട്‌. ഇന്ന് വരെ ഒരാളുടെയും കുടുംബത്തിലെ ഒരാളെയും പറഞ്ഞിട്ടില്ല.ഇതൊക്കെ വീട്ടിൽ നിന്ന് ചെറുപ്പത്തിൽ കിട്ടേണ്ട അറിവുകളാണു. ഇനിയും ഇത്തരം വർത്തമാനം എവിടെങ്കിലുമിരുന്ന് വീട്ടിലുള്ളവരെ കുറിച്ച്‌ പറഞ്ഞ്‌ നോക്ക്‌. ബാക്കി അപ്പോൾ കാണിച്ച്‌ തരാം. പല്ലു കൊണ്ട്‌ ഡാം കെട്ടിയിട്ടില്ലേലും അത്യാവശ്യം നട്ടെല്ലുണ്ട്‌.ഒരു അക്കൗണ്ട്‌ സ്റ്റേറ്റ്‌മന്റ്‌ പബ്ലിഷ്‌ ചെയ്യാൻ പോലും കഴിയാത്ത വാഴപ്പിണ്ടി നട്ടെല്ലുമായി സ്വന്തം വാളിൽ പോയി മെഴുകൂ നേതാവേ.ബീന പറയുന്നത്‌ പോസ്റ്റ്‌ ഡിലീറ്റാക്കിയതല്ല,നിങ്ങൾ റിപ്പോർട്ട്‌ ചെയ്ത്‌ ഡിലീറ്റ്‌ ആക്കിച്ചു എന്നാണല്ലോ.ആ സ്റ്റേറ്റ്‌മന്റ്‌ ഫുൾ പ്രസിദ്ധീകരിച്ചാൽ വല്യ സംഭമാവില്ലേ.അത്‌ ചെയ്യൂ.എന്നിട്ട്‌ ഇവിടെ വാ..
(ആരെങ്കിലും ഇവിടെ അദ്ദേഹത്തെ ഒന്ന് മെൻഷൻ ചെയ്യണം)