മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ് ലോകത്തെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു. താരത്തിന്റെ അത്ഭുതപ്പെടുത്തുന്ന ക്യാച്ചുകള്‍ ആരാധകരെ ആര്‍ഷിച്ചിരുന്നു. 1992 ലെ ലോകകപ്പ് വേളയില്‍ പാകിസ്ഥാന്റെ ഇന്‍സമാം-ഉല്‍-ഹഖിനെ പുറത്താക്കിയ പ്രസിദ്ധമായ ക്യാച്ച് ആര്‍ക്കും മറക്കാനാവില്ല. തന്റെ മികച്ച ഫില്‍ഡിംഗ് അനുഭവങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം ഇന്ന് ലോകക്രിക്കറ്റിലെ മികച്ച ഫില്‍ഡര്‍മാര്‍ ആരെല്ലാമെന്നും പറഞ്ഞു. ഇന്‍സ്റ്റാഗ്രാം ലൈവ് ചാറ്റ് സെഷനില്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്നയുമായി സംസാരിക്കുകയായിരുന്നു ജോണ്ടി റോഡ്സ്.
ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ന്യൂ സീലാന്‍ഡര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ദക്ഷിണാഫ്രിക്കന്‍ എ ബി ഡിവില്ലിയേഴ്സ് എന്നിവരാണ് ലോകത്തെ മികച്ച ഫില്‍ഡര്‍മാരായി ജോണ്ടി റോഡ്സ് പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിംഗും ഫീല്‍ഡിംഗും താന്‍ ഏറെ ഇഷ്ടപ്പെടുന്നു. മൈതാനത്ത് രവീന്ദ്ര ജഡേജയ്ക്ക് മികച്ച വേഗതയാണ്. തന്റെ റോള്‍ വളരെ പ്രതിജ്ഞാബദ്ധമായി താരം ചെയ്യുന്നു. മികച്ച ക്യാച്ചുകളാണ് അദ്ദേഹത്തില്‍ നിന്ന് പിറക്കുന്നത്. ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍, , മൈക്കല്‍ ബെവന്‍ ഇരുവരും മികച്ച ഫില്‍ഡര്‍മാരാണ്.
ഇന്ത്യന്‍ മൈതാനത്ത് ഫീല്‍ഡിംഗ് എളുപ്പമല്ലെന്ന കാര്യം തനിക്ക് നന്നായി അറിയാമെന്നും അതിനാല്‍ റെയ്നയുടെ വലിയ ആരാധകനാണെന്നും ജോണ്ടി പറഞ്ഞു. ”നിങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്തുന്നു. ഇന്ത്യയില്‍ എത്രമാത്രം കഠിനമായ ഫീല്‍ഡുകള്‍ ഉണ്ടെന്ന് എനിക്കറിയാം, ഞാന്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ ഒരു വലിയ ആരാധകനാണ് ’50 കാരന്‍ കൂട്ടിച്ചേര്‍ത്തു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരെക്കുറിച്ച് ചോദിച്ചപ്പോള്‍, ജോണ്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് പ്രതിഭയായ സ്റ്റീവ് സ്മിത്തിനെയും തിരഞ്ഞെടുത്തു.
രാജ്യാന്തര ക്രിക്കറ്റിൽ ഫീൽഡിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും റോഡ്സ് വാചാലനായി. 1990കളിൽ ഫീൽഡിങ് കളിയുടെ വലിയ ഭാഗമല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഫീൽഡിങ് മത്സരഫലത്തെ തന്നെ സ്വാധീനിക്കുമെന്ന് ടീമുകൾ മനസിലാക്കാൻ തുടങ്ങി. ഇപ്പോൾ എല്ലാ താരങ്ങളും മികച്ച രീതിയിൽ ഫിറ്റ്നസ് നിലനിർത്തുന്നതും എടുത്ത് പറയേണ്ടതാണെന്നും ജോണ്ടി റോഡ്സ് കൂട്ടിച്ചേർത്തു.
Leave a Reply