മലയാള സിനിമാ ലോകത്തിന്റെ സ്വന്തം ലാലേട്ടന് ജന്മദിനത്തിൽ ആശംസകളുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മോഹൻലാലിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ആശംസകൾ നേർന്നത്.

‘ലാലിന്റെ ജന്മദിനമാണ്, ഞങ്ങൾ തമ്മിൽ പരിചയമായിട്ട് ഏകദേശം 39 വർഷമായി. പടയോട്ടത്തിന്റെ സെറ്റിൽ വച്ചാണ്ആദ്യം കാണുന്നത്. ആ പരിചയം ഇതാ ഇന്ന് വരെ. എന്റെ സഹോദരങ്ങൾ അഭിസംബോധന ചെയ്യുന്ന പേര് വച്ചാണ് എന്നെ ലാൽ വിളിക്കാറുള്ളത്. ഇച്ചാക്ക, പലരും എന്നെ അങ്ങനെ വിളിക്കുമ്പോഴും, ആലങ്കാരികമായ് പലരും അങ്ങനെ വിളിക്കാറുണ്ടെങ്കിലും ലാലെന്നെ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് പ്രത്യേക സന്തോഷമാണ്. എന്റെ സഹോദരങ്ങൾ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് പ്രത്യേക സന്തോഷമാണ്’- മമ്മൂട്ടി പറഞ്ഞു.

സിനിമയോട് ഗൗരവമുണ്ടെങ്കിലും ജീവിതത്തോട് അത്ര ഗൗരവം കാണുന്നവരായിരുന്നില്ല നമ്മൾ. കോളേജ് വിദ്യാർത്ഥികളെ പോലെ പാടിയും ഉല്ലസിച്ചും തമാശ പറഞ്ഞും കളിച്ചും ഒക്കെ നടന്നു. പക്ഷെ തൊഴിലിനോട് ഗൗരവം പുലർത്തി. നമുക്ക് സാമാന്യം നല്ല മാർക്കും കിട്ടി. അത് കൊണ്ട് ആളുകൾ സ്‌നേഹിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന നടൻമാരായി മാറിയതെന്നും മമ്മൂട്ടി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിന് ശേഷമുള്ള യാത്ര വളരെ നീണ്ട യാത്രയാണ്. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ നേരിട്ട് കാണുമ്പോൾ ഐസ് പോലെ അലിഞ്ഞു തീർന്നു. എന്റെ മകളുടെ വിവാഹം, മകന്റെ വിവാഹം എന്നിവയൊക്കെ ലാൽ സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി തന്നത് എനിക്ക് ഓർമ്മയുണ്ട്. അപ്പുവിനെ ആദ്യമായി സിനിമയിൽ ഇൻട്രൊഡ്യൂസ്‌ചെയ്യാൻ പോയപ്പോൾ എന്റെ വീട്ടിൽ വന്നതും അനുഗ്രഹം വാങ്ങിയതും സ്‌നേഹം വാങ്ങിയതും പ്രാർത്ഥനകൾ വാങ്ങിയതും ഓർമ്മയുണ്ടെന്നും വലിയ സൗഹൃദം നമുക്കിടയിൽ വളർന്നിരുന്നുവെന്നും മമ്മൂട്ടി ഓർത്തെടുക്കുന്നു.

ഈ യാത്രകൾ നമുക്ക് തുടരാം, ഇനിയുള്ള കാലം, ഇനി എത്ര കാലം എന്ന് നമുക്കറിയില്ല. നമ്മുടെ ജീവീത പാഠങ്ങൾ പിന്നാലെ വരുന്നവർക്ക് അറിഞ്ഞ് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനും കഴിയുന്ന പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ-മമ്മൂട്ടി