സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് 29 പേര്‍ക്കും, കണ്ണൂര്‍ 8 പേര്‍ക്കും, കോട്ടയം 6 പേര്‍ക്കും മലപ്പുറം എറണാകുളം എന്നിവിടങ്ങളില്‍ 5 പേര്‍ക്ക് വീതവും, തൃശ്ശൂര്‍ കൊല്ലം 4 പേര്‍ക്ക് വീതവും, കാസര്‍കോട് ആലപ്പുഴ 3 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. തമിഴ്‌നാട് 9, മഹാരാഷ്ട്ര 15, ഗുജറാത്ത് 5, കര്‍ണാടക 2, പോണ്ടിച്ചേരി 1 ഡല്‍ഹിയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലം 7 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 963 ആയി.

ഇതില്‍ 415 പേര്‍ ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ളത് 104336 പേരാണ്. 103528 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങളിലോ ആണ്. 808 പേര്‍ ആശുപത്രികളില്‍. ഇന്ന് 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 56704 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 54836 എണ്ണത്തില്‍ രോഗബാധയില്ല. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 8599 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8174 എണ്ണം നെഗറ്റീവാണ്.

രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രജിസ്റ്റര്‍ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കും. ഇവര്‍ക്ക് 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലയാളികള്‍ക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവില്‍ തമിഴ്‌നാട്ടില്‍ നിന്ന് കെട്ടിട നിര്‍മാണ തൊഴിലാളികള്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കുറുക്കുവഴികളിലൂടെ ആളുകളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്കുള്ള പാസ് നല്‍കും. ധാരാളംപേര്‍ സന്നദ്ധപ്രവര്‍ത്തകരായി രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ ഒരു വിഭാഗത്തെ പോലീസിനൊപ്പം പോലീസ് വളണ്ടിയര്‍മാരായി നിയോഗിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണം നടപ്പാക്കുന്നതിന് പോലീസിനെ സഹായിക്കാന്‍ ഇവരുടെ സേവനം ലഭ്യമാക്കും. രണ്ട് പോലീസുകാരടങ്ങിയ സംഘത്തോടൊപ്പം ഒരു വളണ്ടിയര്‍ എന്ന നിലയിലാകും പ്രവര്‍ത്തനം. ഇവര്‍ക്ക് പ്രത്യേക ബാഡ്ജ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.