ജോജി തോമസ്
കോവിഡ് 19 ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിതചര്യയിൽ വരുത്തിയ മാറ്റങ്ങൾ ചെറുതല്ല. കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ വിശ്വാസ പരിപാലനത്തിന്റെ ഭാഗമായുള്ള പല ആചാരങ്ങളിലും തടസ്സങ്ങൾ സൃഷ്ടിക്കാൻ കൊറോണ കാലത്തിനായി. എന്നാൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങനെ ഇതിനെ മറികടക്കാമെന്നതിനും, വിശ്വാസികളുടെ അനുദിന ആത്മീയ ജീവിതത്തിലേയ്ക്ക് കടന്നു വരാൻ സാധിക്കുമെന്നതിന്റെയും ഉത്തമ ഉദാഹരണമാണ് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പല ഇടപെടലുകളും. മലയാളത്തിലും, ഇംഗ്ലീഷിലുമുള്ള തിരുക്കർമ്മങ്ങൾ, പ്രാർത്ഥനാ പരിപാടികൾ, ധ്യാനങ്ങൾ എന്നിവയിലൂടെ സഭാംഗങ്ങളുടെ വിശ്വാസ ജീവിതത്തിൽ ആവശ്യമായ പിന്തുണ നൽകാനുള്ള പ്രയത്നത്തിലാണ് ബ്രിട്ടനിലെ സീറോ മലബാർ സഭ. ഓൺലൈനിലൂടെയുള്ള പ്രസ്തുത പരിപാടികളിലെല്ലാം ആയിരക്കണക്കിന് വിശ്വാസികളാണ് സജീവമായി പങ്കെടുക്കുന്നത്. കുട്ടികൾക്കായി ജൂൺ മാസത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ബൈബിൾ ക്വിസ്സാണ് ഇതിൽ ഏറ്റവും പുതുമയാർന്നത്. നൂറുകണക്കിന് കുട്ടികളാണ് ബൈബിൾ ക്വിസ്സിൽ പങ്കെടുക്കാൻ താല്പര്യം കാണിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികളെ ബൈബിൾ ക്വിസ്സിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സന്ദേശവും, വീഡിയോയും ഇതിനോടകം എല്ലാ ഇടവകകളിലും, മിഷനിലും എത്തുകയും ചെയ്തിരുന്നു. ഇനിയും നിരവധി കുട്ടികളും മാതാപിതാക്കളും താൽപര്യവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
Leave a Reply