സ്വന്തം ലേഖകൻ

ലണ്ടൻ : ജോർജ് ഫ്ലോയിഡിന്റെ മരണത്തെത്തുടർന്ന് ബ്രിട്ടനിലും പ്രതിഷേധകാറ്റ് ആഞ്ഞു വീശുകയാണ്. രാജ്യത്ത് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കാൻ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കരുതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഫ്ലോയിഡിന്റെ മരണത്തിൽ ജനങ്ങൾ പ്രതിഷേധം അറിയിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് ഇപ്പോഴും ഒരു യഥാർത്ഥ ഭീഷണിയായി നിലനിൽക്കുന്നുവെന്ന് ഹാൻകോക്ക് പറഞ്ഞു. പ്രക്ഷോഭം ഈ വാരാന്ത്യത്തിൽ യുകെ നഗരങ്ങളിലേക്ക് കൂടുതൽ കത്തിപടരാൻ സാധ്യതയുണ്ട്. ഇത്തരം ഒത്തുചേരലുകൾ നിയമവിരുദ്ധമാണെന്ന് മുതിർന്ന മെറ്റ് പോലീസ് ഉദ്യോഗസ്ഥൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സാമൂഹിക അകലം പാലിക്കാതെയാണ് യുകെയിൽ പ്രതിഷേധം നടത്തുന്നത്.

“ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തിൽ പലരേയും പോലെ ഞാൻ ആശങ്കപ്പെടുന്നു. ആളുകൾ എന്തുകൊണ്ടാണ് അസ്വസ്ഥരാകുന്നതെന്ന് എനിക്ക് മനസ്സിലായി. പക്ഷേ നാം ഇപ്പോഴും ആരോഗ്യ പ്രതിസന്ധി നേരിടുകയാണ്. കൊറോണ വൈറസ് ഒരു യഥാർത്ഥ ഭീഷണിയായി തുടരുന്നു.” ഹാൻകോക്ക് അറിയിച്ചു. ഈ വാരാന്ത്യത്തിൽ ആളുകൾ നിയമങ്ങളിൽ ഉറച്ചുനിൽക്കേണ്ടത് അത്യാവശ്യമാണെന്നും ഭയാനകമായ രോഗത്തിൽ നിന്ന് തങ്ങളേയും കുടുംബത്തേയും സംരക്ഷിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ തന്നെ വലിയ സമ്മേളനങ്ങളിൽ നിന്നും പിന്മാറണമെന്ന് ഹാൻകോക്ക് അഭ്യർത്ഥിച്ചു. ബുധനാഴ്ച ലണ്ടനിൽ നടന്ന മാർച്ചിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആയിരത്തിലേറെപേർ പങ്കെടുത്തിരുന്നു. വാരാന്ത്യത്തിൽ ലണ്ടൻ നഗരത്തിൽ കൂടുതൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ബ്രിസ്റ്റലിൽ നടക്കുന്ന പ്രകടനത്തിൽ ആയിരത്തിലേറെ ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രിട്ടനിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും ആറ് പേർക്ക് മാത്രമാണ് സാമൂഹിക അകലം പാലിച്ചുകൊണ്ട് കണ്ടുമുട്ടാൻ അവസരം. അതിനാൽ തന്നെ യാതൊരു സുരക്ഷാ ചട്ടങ്ങളും പാലിക്കാതെയുള്ള ഈ ഒത്തുചേരൽ നിയമവിരുദ്ധമാണ്. സ്‌കോട്ട്‌ലൻഡിലെ പ്രതിഷേധങ്ങളെക്കുറിച്ച് സമാനമായ മുന്നറിയിപ്പുകൾ ഫസ്റ്റ് മിനിസ്റ്റർ നൽകിയിട്ടുണ്ട്. ഇപ്പോൾ ഇത്തരം കൂട്ടായ്‌മകൾ സുരക്ഷിതമല്ലെന്നും ജീവന് യഥാർത്ഥ ഭീഷണിയാണെന്നും നിക്കോള സ്റ്റർജിയൻ അറിയിച്ചു. സ് കോട്ടിഷ് പട്ടണങ്ങളിലും ഗ്ലാസ്ഗോ, എഡിൻ‌ബർഗ്, ആബർ‌ഡീൻ, ഇൻ‌വെർ‌നെസ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലും വാരാന്ത്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്.