ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : എല്ലാ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കും അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ് സ്കൂളിലേക്ക് മടങ്ങിവരാൻ സാധിക്കാത്തതിനാൽ പദ്ധതി പിൻവലിച്ചു സർക്കാർ. എന്നാൽ കഴിഞ്ഞ ആഴ്ച പഠനം ആരംഭിച്ച റിസപ്ഷൻ, ഇയർ വൺ, ഇയർ സിക്സ് വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളുകൾ നേരത്തെ തീരുമാനിച്ചതുപോലെ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും. പ്രൈമറി സ്കൂൾ തലത്തിലുള്ള മറ്റ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ഇനി മധ്യവേനലവധിക്ക് ശേഷം മാത്രം സ്കൂളുകളിലേക്ക് മടങ്ങേണ്ടതുള്ളു. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളെ സ്കൂളിലേക്ക് പെട്ടെന്നുതന്നെ തിരികെകൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കഴിഞ്ഞ മാസം പറയുകയുണ്ടായി. ജൂൺ ഒന്നിനുതന്നെ സ്കൂൾ തുറന്നുവെങ്കിലും എല്ലാ വിദ്യാർത്ഥികൾക്കും പഠനത്തിലേക്ക് തിരികെവരാൻ സാധിച്ചില്ല. എല്ലാ കുട്ടികൾക്കും സ്കൂളിലേക്ക് മടങ്ങിയെത്താൻ പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടെന്ന് സർക്കാർ സമ്മതിച്ചു. അതിനാലാണ് വേനലവധിക്ക് മുമ്പ് എല്ലാ പ്രൈമറി വിദ്യാർത്ഥികളും മടങ്ങിവരണമെന്ന പദ്ധതി സർക്കാർ ഉപേക്ഷിച്ചത്. ഇംഗ്ലണ്ടിലെ സെക്കൻഡറി സ്കൂളുകൾ സെപ്റ്റംബർ വരെ ഇനി തുറന്നു പ്രവർത്തിക്കില്ലെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇന്നലെ അറിയിച്ചു. സെക്കൻഡറി സ്കൂളുകളെ സംബന്ധിച്ചിടത്തോളം സെപ്റ്റംബർ വരെ തുറക്കുന്നില്ല എന്നതാണ് നിലവിലെ പ്രവർത്തന പദ്ധതി എന്ന് അദ്ദേഹം പറഞ്ഞു. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ രോഗം പടരുന്നത് നിരീക്ഷിക്കാൻ ഇംഗ്ലണ്ടിലുടനീളമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊറോണ വൈറസ് പരിശോധന ലഭിക്കുമെന്നും ഹാൻ‌കോക്ക് ഉറപ്പുനൽകി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് മന്ത്രിസഭാ യോഗം ചേരും. സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ ഈ യോഗത്തിൽ കൂടുതൽ വിവരങ്ങൾ നൽകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാമൂഹിക അകലം പാലിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നു. ഒരു ക്ലാസ്സിൽ 15 വിദ്യാർത്ഥികൾ മാത്രമേ ഉണ്ടാകാൻ പാടുള്ളു എന്ന നിയമം നിലനിൽക്കുന്നതിനാൽ എല്ലാവർക്കും തിരികെ വരാൻ കഴിയുന്നതുമില്ല. ക്ലാസ്സ് മുറികളിലെ സ്ഥലക്കുറവ് ബുദ്ധിമുട്ടുളവാക്കുന്നുവെന്ന് അദ്ധ്യാപക യൂണിയനുകൾ നേരത്തെ അറിയിച്ചിരുന്നു. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ കൊറോണ വൈറസ് ഭീഷണി കൈകാര്യം ചെയ്യുന്നതിന് പ്രത്യേക നിയമങ്ങളുണ്ട്. വേനൽക്കാല അവധി കഴിയുന്നത് വരെ തങ്ങളുടെ സ്കൂളുകൾ വ്യാപകമായി തുറക്കില്ലെന്ന് സ്കോട്ട്ലൻഡും നോർത്തേൺ അയർലൻഡും ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ സ്കൂളുകളിലേക്ക് എത്ര വിദ്യാർത്ഥികൾ തിരികെയെത്തിയെന്ന് ഗാവിൻസൺ അറിയിക്കും.

ഹെഡ് ടീച്ചേഴ്സ് യൂണിയൻ നേതാവ് ജെഫ് ബാർട്ടൻ ഈ മാറ്റത്തെ സ്വാഗതം ചെയ്തു. ചെറിയ ക്ലാസ്സ്മുറികളും സാമൂഹിക അകലം പാലിക്കലും നിലനിർത്തികൊണ്ട് പഠനം തുടരാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. സ്കൂളുകൾ അടച്ചാൽ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ഈ വർഷം ക്ലാസിൽ അവരുടെ 40% സമയം നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.