ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- നോർത്തേൺ അയർലൻഡ് യുകെയുടെ അവിഭാജ്യഘടകമെന്ന് ജി 7 ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉറപ്പിച്ചു പറഞ്ഞു. നോർത്തേൺ അയർലൻഡ് യുകെയുടെ ഭാഗമല്ല എന്ന വിവാദപരമായ പ്രസ്താവന ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ബോറിസ് ജോൺസന്റെ പ്രതികരണം. ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രസ്താവന തികച്ചും അനുചിതമെന്ന് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് വിലയിരുത്തി. എന്നാൽ രാജ്യത്തിന്റെ സമഗ്രതയെ ചോദ്യം ചെയ്യുന്ന തരത്തിലല്ല തന്റെ പ്രസ്താവന വിലയിരുത്തപ്പെടേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ്‌ പിന്നീട് വിശദീകരിച്ചു. ബ്രെക്സിറ്റിന് ശേഷമുള്ള നോർത്ത് അയർലൻഡ് പ്രോട്ടോകോൾ സംബന്ധിച്ച് പ്രശ്നങ്ങൾ നടന്നുവരുമ്പോഴാണ് ഇപ്പോൾ പുതിയ വിവാദം ഉയർന്നിരിക്കുന്നത്.


ബ്രിട്ടണും നോർത്ത് അയർലൻഡും തമ്മിലുള്ള ചരക്കുനീക്കം ആണ് ബ്രെക്സിറ്റിനു ശേഷം ഏറ്റവും കൂടുതൽ വിവാദമായിരിക്കുന്ന വിഷയം. നോർത്തേൺ അയർലൻഡിൽ ഇപ്പോഴും ചരക്ക് നീക്കത്തിൽ യൂറോപ്യൻ യൂണിയന്റെ നിയമങ്ങളാണ് പാലിക്കപ്പെടുന്നത്. ബ്രെക്സിറ്റിന് ശേഷമുള്ള ഇത്രയും സമയം ചരക്ക് നീക്കം സാധാരണഗതിയിൽ നടത്തുവാൻ ധാരണയുണ്ടായിരുന്നു. എന്നാൽ അടുത്തമാസമായ ജൂലൈ മുതൽ ബ്രിട്ടനിൽ നിന്നുള്ള ശീതീകരിച്ച മാംസ പദാർത്ഥങ്ങൾക്ക്, യൂറോപ്യൻ യൂണിയന്റെ സ്റ്റാൻഡേഡുകൾക്ക് അനുസരിച്ച് ഉയർന്നില്ലെങ്കിൽ നിരോധനമുണ്ടാകും. യുകെയുടെ ഭാഗത്തുനിന്നുമുള്ള ഈ സമീപനം തുടർന്നുകൊണ്ട് പോയാൽ കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് അയർലൻഡ് പ്രധാനമന്ത്രി മൈക്കൾ മാർട്ടിൻ വ്യക്തമാക്കി.


ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രസ്താവന അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നുവോ എന്ന ബിബിസി വക്താവിന്റെ ചോദ്യത്തിന് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുകയാണ് തന്റെ കർത്തവ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മറുപടി പറഞ്ഞു. ഇത്തരത്തിലുള്ള പ്രസ്താവനകൾ പുതിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരുന്നത്.