പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. മുംബൈ പോലീസ് വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് വാര്‍ത്ത സ്ഥിരീകരിച്ചു. മരണത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചതായും സോണ്‍ 9 ഡി സി പി അഭിഷേക് ത്രിമുഖെ പറഞ്ഞു.
‘സുശാന്ത് സിംഗ് രാജപുത് ഇപ്പോൾ ഞങ്ങളോടൊപ്പമില്ലെന്ന വാര്‍ത്ത വയ്ക്കുന്നതില്‍ വേദനയുണ്ട്. അദ്ദേഹത്തിന്റെ ജീവിതവും സിനിമയും ചിന്തകളില്‍ നിലനിര്‍ത്തണം എന്ന് ആരാധകരോടും ദുഃഖത്തിന്റെ ഈ നിമിഷത്തിൽ സ്വകാര്യത നിലനിർത്താൻ ഞങ്ങളെ സഹായിക്കണം എന്ന് മാധ്യമങ്ങളോടും ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു,’ സുശാന്ത് സിംഗ് രജ്പുത്തിന്റെ പ്രതിനിധി പ്രസ്താവനയിൽ പറഞ്ഞു.
മുപ്പത്തിനാല് വയസ്സുള്ള സുശാന്ത് ഏറ്റവും ഒടുവിലായി അഭിനയിച്ചത് ‘ഡ്രൈവ്’ എന്ന ചിത്രത്തിലാണ്.
സുശാന്തിന്റെ മാനേജര്‍ ദിശാ സാലിയന്‍ ഈ മാസം ആദ്യം മുംബൈ മലാദിലെ തന്റെ സുഹൃത്തിന്റെ വസതിയിലെ ജനാലയില്‍ നിന്നും വീണു മരണപ്പെട്ടിരുന്നു.
‘കൈ പോ ഛെ’ എന്ന ചിത്രത്തില്‍ തുടങ്ങി ‘ശുദ്ദ് ദേശി റൊമാന്‍സ്,’ ‘പി കെ,’ ‘എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി,’ തുടങ്ങിയ ചിത്രങ്ങളില്‍ സുശാന്ത് അഭിനയിച്ചു. ‘ദില്‍ ബേചാര’ ആണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമ.
പട്ന സ്വദേശിയായ സുശാന്ത് ദില്ലിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദത്തിനു പഠിക്കവേയാണ് അഭിനയത്തിലേക്ക് തിരിയുന്നത്. ടെലിവിഷനിലും സജീവമായിരുന്നു സുശാന്ത്.
സുശാന്ത് സിങ് രാജ്പുത്: സിനിമയും ജീവിതവും
പാറ്റ്നയിൽ ജനിച്ചു വളർന്ന സുശാന്ത് സിങ് രജ്പുത് ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന ‘പവിത്ര റിഷ്ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.
‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്.
ആമിർ ഖാനും അനുഷ്ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ ‘പികെ’യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം എസ് ധോണിയുടെ ജീവചരിത്രസിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.
ധോണിയെ പോലെ ‘കൂൾ’; സുശാന്ത് സിങ്ങിലേക്ക് നീരജ് പാണ്ഡെ എത്തിയത്
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ സിനിമയാക്കിയപ്പോൾ അതിൽ നായകനായത് സുശാന്ത് സിങ്ങാണ്. ‘എം.എസ്.ധോണി: ദി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ സംവിധായകൻ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു. സംവിധായകന് നീരജ് പാണ്ഡെ തന്നെ ഒരവസരത്തില്‍ ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്.
ഏറെ കഠിനാധ്വാനിയായ സുശാന്ത് സിങ് പല തരത്തിലും ധോണിയുമായി സാമ്യമുള്ള താരമാണ് എന്നും നീരജ് പാണ്ഡെ പറഞ്ഞിരുന്നു. ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്ചവച്ചത്. ബോക്സോഫീസിലും സിനിമ കോടികൾ വാരിക്കൂട്ടി.
Leave a Reply