സ്വന്തം ലേഖകൻ
ബ്രിട്ടൻ :- മികച്ച സേവനങ്ങൾക്ക് ബ്രിട്ടീഷ് എമ്പയർ മെഡലിന് അർഹയായ നേഴ്സ് നെയോമി ബെന്നെറ്റ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. 2019-ൽ തനിക്കെതിരെ നടന്നത് വംശീയ അധിക്ഷേപം എന്ന് ആരോപിച്ചാണ് നെയോമി രംഗത്തുവന്നിരിക്കുന്നത്. വാഹനത്തിന്റെ ഗ്ലാസ്സിലെ നിറം അമിതമാണ് എന്നാരോപിച്ചാണ് നെയോമിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം തന്നെ പോലീസ് ഉദ്യോഗസ്ഥന് ജോലി ചെയ്യുന്നത് തടസ്സമുണ്ടാക്കി എന്ന ആരോപണവും പിന്നീട് നെയോമിക്കെതിരെ ചേർക്കപ്പെട്ടു. തന്നെ വളരെ മനുഷ്യത്വരഹിതമായാണ് കാറിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയതെന്ന് നെയോമി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ നിറത്തിന്റെ പേരിലാണ് തന്നോട് ഇത്രയും അപമര്യാദയായി പെരുമാറിയതെന്നും, ഒരു വെള്ളക്കാരനാണ് ആ കാറിലുണ്ടായിരുന്നതെങ്കിൽ ഇത് ആയിരിക്കുകയില്ല പോലീസിന്റെ സമീപനമെന്നും നെയോമി ആരോപിക്കുന്നു.

കാറിൽ നിയമവിരുദ്ധമായ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എങ്കിലും, മനഃപ്പൂർവമായി നെയോമിയെ പിടിച്ചു വയ്ക്കുകയായിരുന്നു. ഇത് തനിക്ക് മാത്രമല്ല, നിരവധി കറുത്തവർഗക്കാർ ദിവസവും നേരിടുന്ന പ്രശ്നമാണെന്ന് നെയോമി വ്യക്തമാക്കുന്നു. താൻ ആ രാത്രിയിൽ അനുഭവിച്ച വേദനയും ഭയവും വിവരിക്കാവുന്നതിലുമപ്പുറമാണ്. ഇതിനെതിരെ ഇപ്പോൾ നിയമനടപടിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് നെയോമി.
ആളുകളുടെ നിറം അനുസരിച്ചാണ് പോലീസുകാരുടെ പെരുമാറ്റമെന്നും, ഇത് ഒരുതരത്തിലും അംഗീകരിക്കുവാൻ സാധിക്കുകയില്ല എന്ന് നെയോമി പറയുന്നു. ജനങ്ങളുടെ അവകാശങ്ങൾ തുല്യമാണെന്നും അത് തുല്യമായി പാലിക്കപ്പെടേണ്ടതാണെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെയോമി വ്യക്തമാക്കി.
	
		

      
      



              
              
              




            
Leave a Reply