ബ്രിട്ടനിൽ കോവിഡ് 19തിന്റെ രണ്ടാം തരംഗം; മുന്നറിയിപ്പുമായി പ്രധാനമന്ത്രി. കൂടുതൽ പ്രദേശങ്ങൾ ലോക്ക്ഡൗണിലേക്കെന്ന് സൂചന

ബ്രിട്ടനിൽ കോവിഡ് 19തിന്റെ രണ്ടാം തരംഗം; മുന്നറിയിപ്പുമായി പ്രധാനമന്ത്രി. കൂടുതൽ പ്രദേശങ്ങൾ ലോക്ക്ഡൗണിലേക്കെന്ന് സൂചന
September 20 05:48 2020 Print This Article

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കൊറോണ വൈറസ് രണ്ടാം തരംഗത്തിന്റെ പിടിയിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ബ്രിട്ടനിൽ രണ്ടാം ഘട്ട വ്യാപനം നടന്നുകഴിഞ്ഞു എന്നറിയിച്ച പ്രധാനമന്ത്രി, കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും പദ്ധതിയിടുന്നുണ്ട്. കൂടിക്കാഴ്ച നടത്തുന്നതിനുള്ള നിരോധനത്തിന് പുറമെ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കുമായുള്ള പ്രവർത്തന സമയം കുറയ്ക്കുകയാണ്. കുറഞ്ഞത് 135 ലക്ഷം ആളുകൾ, ഏകദേശം രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിൽ ഒരാൾ ഇതിനകം പ്രാദേശിക നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്. ലണ്ടനിൽ കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ടെന്ന് മേയർ അറിയിച്ചു. ഇംഗ്ലണ്ടിലെ നിയന്ത്രണങ്ങളിൽ ജോൺസന് നേരിട്ട് അധികാരമുണ്ട്. എന്നാൽ സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ അവിടുത്തെ സർക്കാർ ആവും തീരുമാനം കൈകൊള്ളുക. ഓരോ ആഴ്ച പിന്നിടുമ്പോഴും കേസുകൾ കുത്തനെ ഉയരുന്നത് കനത്ത ആശങ്ക സൃഷ്ടിക്കുകയാണ്. ഇന്നലെ 4,322 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. മെയ് എട്ടിന് ശേഷം ആദ്യമായാണ് പ്രതിദിന രോഗവ്യാപനം 4,000 കടന്നത്.

ദേശീയ ലോക്ക്ഡൗൺ നടപടികളിലേക്ക് പോകാൻ തനിക്ക് താൽപ്പര്യമില്ലെന്നും എന്നാൽ കർശനമായ സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ ആവശ്യമാണെന്നും വെള്ളിയാഴ്ച സംസാരിച്ച ജോൺസൺ പറഞ്ഞു. പുതിയ നിയന്ത്രണങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, സ്കൂളുകളും ജോലിസ്ഥലങ്ങളും തുറന്നിരിക്കും. രാജ്യത്തൊട്ടാകെയുള്ള പബ്ബുകളുടെയും റെസ്റ്റോറന്റുകളുടെയും പ്രവർത്തന സമയം പരിമിതപ്പെടുത്താനും സർക്കാർ ഒരുങ്ങുകയാണ്. സ്കോട്ടിഷ് പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയൻ, വെൽഷ് പ്രഥമമന്ത്രി മാർക്ക് ഡ്രേക്ക്ഫോർഡ്, ലേബർ നേതാവ് കെയർ സ്റ്റാർമർ എന്നിവർ പ്രധാനമന്ത്രിയോട് എമർജൻസി കോബ്ര മീറ്റിംഗ് ചേരാൻ ആവശ്യപ്പെട്ടു. സ്‌കോട്ട്‌ലൻഡിൽ മറ്റൊരു ലോക്ക്ഡൗൺ ഒഴിവാക്കാൻ അടുത്ത കുറച്ച് ദിവസങ്ങൾ നിർണായകമായിരിക്കുമെന്ന് സ്റ്റർജിയൻ പറഞ്ഞു.

ലണ്ടനിൽ കൊറോണ വൈറസ് അതിവേഗം പടർന്നുപിടിക്കുന്നത് തനിക്ക് ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണെന്ന് മേയർ സാദിഖ് ഖാൻ പറഞ്ഞു. രാജ്യത്തെ ആർ റേറ്റ് 1.1 നും 1.4 നും ഇടയിൽ ഉയർന്നതായി സർക്കാറിന്റെ സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) പറഞ്ഞു. മരണസംഖ്യ വളരെ താഴ്ന്ന നിലയിലാണെങ്കിലും രോഗവ്യാപനം അതിവേഗമാണെന്ന് സേജ് വ്യക്തമാക്കി. ഇംഗ്ലണ്ടിന്റെ നോർത്ത് വെസ്റ്റ്, വെസ്റ്റ് യോർക്ക്ഷയർ, മിഡ്‌ലാന്റ്സ് എന്നിവിടങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരും. ലീസെസ്റ്റർഷെയറിലെ വോൾവർഹാംപ്ടൺ, ഓഡ്ബി, വിഗ്സ്റ്റൺ എന്നിവിടങ്ങളിലും ബ്രാഡ്‌ഫോർഡ്, കിർക്ക്‌ലീസ്, കാൽഡെർഡെൽ എന്നിവയുടെ എല്ലാ ഭാഗങ്ങളിലും അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles