ഹോളിവുഡ് ചിത്രം ഇന്റു ദി വൈല്‍ഡിലൂടെ ശ്രദ്ധേയമായ ‘മാജിക് ബസ്’ അലാസ്കയിലെ വനത്തില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് നീക്കി. ബസിനരികില്‍ എത്താന്‍ ശ്രമിച്ച് സഞ്ചാരികള്‍ അപകടത്തില്‍പെടുന്നത് പതിവായതോടെയാണ് ഇത്.

ഇന്റു ദി വൈല്‍ഡ് എന്ന സിനിമകണ്ട് ക്രിസ്സി മാക്ൻഡ്ലെസിന് ഒപ്പം സഞ്ചരിച്ചവര്‍ സ്വപ്നം കണ്ട ഇടം. അലാസ്കാ വനത്തില്‍ ടെക്ലാനിക്ക പുഴയോരത്തെ പഴഞ്ചന്‍ 1940 മോഡല്‍ ബസ്. മാക്ൻഡ്ലെസിന്റെ സ്വാധീനവലയത്തില്‍പെട്ട് മാജിക് ബസ് തേടി കിലോമീറ്ററുകള്‍ വനത്തിലൂടെ നടന്നെത്തുന്ന സഞ്ചാരികള്‍ അപകടത്തില്‍ പെടുന്നത് പതിവായതോടെയാണ് ബസ് നീക്കംചെയ്തത്.

2009 മുതല്‍ 2017 വരെ സഞ്ചാരികള്‍ അപകടത്തില്‍പെട്ട് രക്ഷാപ്രവര്‍ത്തനം നടത്തേണ്ടിവന്നത് 15തവണ. ജീവന്‍ നഷ്ടപ്പെട്ടത് രണ്ടുപേര്‍ക്ക്. യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കി 1996ല്‍ പുറത്തിറങ്ങിയ ഇന്റു ദി വൈല്‍ഡ് എന്ന നോവല്‍, 2007ലാണ് ഓസ്കര്‍ ജേതാവ് ഷോണ്‍ പെന്‍ സിനിമയാക്കിയത്.