സ്വന്തം ലേഖകൻ
ആരോൺ മക്ൻസീ, തന്റെ കാമുകിയായിരുന്ന കെല്ലി ഫൗറെല്ലെയുടെ കിടപ്പു മുറിയിൽ അതിക്രമിച്ച് കയറി 21 പ്രാവശ്യം കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുൻ വൈരാഗ്യവും അസൂയയും ആണ് കൊലപ്പെടുത്താൻ ഉണ്ടായ കാരണം എന്ന് പ്രതി സമ്മതിച്ചു. 26കാരിയായ കെല്ലി റോയൽ മെയിൽ ജോലിക്കാരി ആയിരുന്നു. ‘ ടോക്സിക്’ ആയ തങ്ങളുടെ ബന്ധം കെല്ലി അവസാനിപ്പിച്ചതിനെ തുടർന്നുണ്ടായ മനോ വിഷമവും അപകർഷതാബോധവും ആണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കോടതി പറഞ്ഞു. തുടരെത്തുടരെ കുത്തേറ്റ് അതി ഗുരുതരാവസ്ഥയിലായ കെല്ലിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, അവരുടെ മകൻ റിലെയെ സങ്കീർണ്ണമായ സിസേറിയനിലൂടെ പുറത്തെടുത്തെങ്കിലും നാലു മാസത്തിനു ശേഷം മരണപ്പെടുകയായിരുന്നു.
അന്വേഷണത്തിന് ആദ്യഘട്ടത്തിൽ പോലീസിനോട് സഹകരിക്കാതിരുന്ന ആരോൺ, കെല്ലി പണം കടം വാങ്ങിയിരുന്ന മൈക്ക് എന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സൗത്ത് ലണ്ടനിലെ പെക്ഹാമിൽ നിന്നുള്ള ക്രെയിൻ ഡ്രൈവറായ ആരോൺ 33 ആഴ്ച ഗർഭിണിയായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിനും, സ്വന്തം കുഞ്ഞിനെ കത്തിക്ക് ഇരയാക്കിയതിനും, കഠാര കയ്യിൽ വച്ച കുറ്റത്തിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മോട്ടോർ ബൈക്കുകളോടുള്ള ഇരുവരുടെയും പൊതുവായ താൽപര്യമാണ് ഇവരെ അടുപ്പിച്ചത്, എന്നാൽ കഴിഞ്ഞ വർഷം തുടക്കത്തോടെ തമ്മിൽ അകന്നിരുന്നു, ഫെബ്രുവരിയിൽ, ‘തന്നെ ആർക്കും വേണ്ടെന്നും, തന്നിൽ ആർക്കും താൽപര്യമില്ലെന്നും, ജീവിതത്തിന് പ്രാധാന്യം തോന്നുന്നില്ലെന്നും, എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും’ കെല്ലിക്ക് മെസ്സേജ് അയച്ചിരുന്നു. എന്നാൽ ആരോണിന് ആവശ്യം പ്രൊഫഷണൽ സഹായം ആണെന്നും, തങ്ങൾ തമ്മിൽ കൂടി ചേർന്ന് പോകുക അസാധ്യമാണെന്നും കുഞ്ഞിന്റെ കാര്യത്തിനു വേണ്ടിയല്ലാതെ തന്നെ ഇനി ബന്ധപ്പെടാൻ പാടില്ലെന്നും കെല്ലി മറുപടി പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിൽ ആരോണിന്റെ അമ്മയോടും തങ്ങളുടെ മോശം ബന്ധത്തെക്കുറിച്ച് കെല്ലി സംസാരിച്ചിരുന്നു, അതേസമയം തന്റെ കുഞ്ഞിനെ കാണാനും മറ്റും താൻ എതിരല്ല എന്നും അവൾ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 29 ന് വെളുപ്പിന് 3.15ഓടെ സൗത്ത് ലണ്ടനിലുള്ള ത്രോൺടൻ ഹീത്തിലെ കുടുംബ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആണ് കെല്ലിയെ കൊലപ്പെടുത്തിയത്. എന്നാൽ കൊലപാതകത്തിനുശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെയും, താനൊരു ഇരയാണെന്ന മട്ടിലും ആണ് ഇയാൾ പ്രതികരിച്ചത്. കൊലപാതകത്തിന് ഒരു മണിക്കൂർ മുൻപ് വരെ പങ്കാളിക്ക് വന്നിരുന്ന ഇമെയിലുകൾ വായിക്കുകയായിരുന്നു താനെന്ന കാര്യവും പോലീസിൽ നിന്നും മറച്ചു വച്ചു. അറസ്റ്റ് നേരിടുന്നതു വരെ കുടുംബത്തെയും സുഹൃത്തുക്കളെയും ആശുപത്രി ജീവനക്കാരെയും കബളിപ്പിച്ച് നടക്കുകയായിരുന്നു ആരോൺ. കൊലപാതകം നടത്തി മണിക്കൂറുകൾക്കുശേഷം ഡ്രൈവിംഗ് ക്ലാസിനും പോയിരുന്നു.
തന്റെ ഡിപ്രഷനും മറ്റു മാനസിക പ്രശ്നങ്ങളും കൊലപാതകത്തിന് ഹേതുവാണെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആണ് ആരോൺ ഇപ്പോൾ. ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ ക്ലെയർ മെയ്സ് പറയുന്നത് യഥാർത്ഥ പ്രതിയെ കണ്ടെത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എന്തുവിലകൊടുത്തും പ്രതിയെ ശിക്ഷിക്കുമെന്നുമാണ് മരണപ്പെട്ട യുവതിക്കും കുട്ടിക്കും ഇനിയെങ്കിലും നീതി ലഭിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
Leave a Reply