മലയാളികൾക്ക് സുപരിചിതനായ കോമഡി താരമാണ് നോബി. ടെലിവിഷൻ പരിപാടികളിലൂടെയാണ് നോബി മലയാളികളുടെ പ്രിയങ്കരനായത്. ഇപ്പോഴിതാ സ്വന്തം ജീവിത കഥ പറഞ്ഞ് നോബി വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. ജഗദീഷ് അവതാരകനായി എത്തുന്ന പട തരും പണം പരിപാടിയിൽ മത്സരിക്കാനായി എത്തിയപ്പോഴായിരുന്നു നോബി മനസ് തുറന്നത്.

വെഞ്ഞാറമൂടാണ് സ്വദേശം. അച്ഛന്റെ പേര് മാർക്കോസ്. അമ്മയുടെ പേര് സെൽവരത്നം. ദാരിദ്യ്രവും കഷ്ടപ്പാടും നിറഞ്ഞ ബാല്യകാലമായിരുന്നു. ഓടിട്ട രണ്ടുമുറി വീടായിരുന്നു. മണ്ണുകൊണ്ട് നിർമിച്ച ഭിത്തികളും ചാണകം മെഴുകിയ തറയും.. വൈദ്യുതി ഇല്ല. വെള്ളമില്ല…എട്ടുവർഷം മുൻപാണ് കറന്റ് കണക്‌ഷൻ തന്നെ ലഭിച്ചത്.

സ്‌കൂൾ കാലത്ത് മിമിക്രിയിലും കലാപരിപാടികളും സജീവമായിരുന്നു. ഒരു ടിവി റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനിലേക്കെത്തുന്നത്. അതിലൂടെ സിനിമയിലേക്കും.

പ്രണയവിവാഹമായിരുന്നു തന്റേതെന്നാണ് നോബി വെളിപ്പെടുത്തിയിരിക്കുന്നത്. ഫോണിലൂടെയായിരുന്നു തന്റേയും ആര്യയുടേയും പ്രണയം തുടങ്ങിയതെന്ന് നോബി പറയുന്നു. ആര്യ പഠിച്ചിരുന്ന എൽഎൽബി കോളേജിൽ ഒരു പരിപാടി അവതരിപ്പിക്കാനായി എത്തിയതായിരുന്നു നോബി. അവിടെ വച്ചാണ് രണ്ടു പേരും കണ്ടുമുട്ടുന്നത്. തന്റെ സ്‌കിറ്റുകൾ കണ്ട് ഇഷ്ടപ്പെട്ട് പ്രണയിച്ച ആളാണ് ഭാര്യയെന്നാണ് താരം പറയുന്നത്.

തങ്ങൾ രണ്ടു പേരും രണ്ട് മതവിഭാഗങ്ങളിൽ പെടുന്നവരാണെന്നും അതായിരുന്നു തങ്ങളുടെ പ്രണയത്തിലെ വെല്ലുവിളിയും. ഇതോടെ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. അതിനാൽ വിവാഹത്തിന് മുൻപ് ഭാര്യയുടെ നാട്ടിലെ പോലീസ് സ്റ്റേഷനിലും തന്റെ നാട്ടിലെ പോലീസ് സ്റ്റേഷനിലും രജിസ്റ്റർ വിവാഹം ചെയ്യാൻ പോകുന്നതിന്റെ നോട്ടീസ് പതിപ്പിച്ചിരുന്നു. അത് ഭയങ്കര ടെൻഷൻ ഉണ്ടാക്കിയിരുന്നതായും സ്‌കിറ്റ് ചെയ്യാൻ പോയത് എല്ലാം പേടിയോടെയായിരുന്നുവെന്നും നോബി പറയുന്നു.

ഭയങ്കര നാണമായിരുന്നു ഭാര്യയ്ക്ക്. വിവാഹം കഴിക്കുമ്പോൾ അവൾ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. ഒളിച്ചോടി കല്യാണം കഴിച്ചതിന്റെ നാണക്കേടിൽ ഭാര്യ പഠനം നിർത്തി. തുടർന്ന് പഠിക്കാൻ താൻ പറഞ്ഞുവെങ്കിലും ഭാര്യ കേട്ടില്ലെന്നാണ് നോബി പറയുന്നത്. എന്തായാലും കുറച്ച്് നാൾ കഴിഞ്ഞതോടെ ആര്യയുടെ മനസിൽ വീണ്ടും പഠിക്കാനുളള മോഹം ഉടലെടുക്കുകയും വീണ്ടും പഠനം ആരംഭിക്കുകയും ചെയ്തു.

വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയായിരുന്നു. ഭാര്യ ഇന്ന് ഒരു അഭിഭാഷകയാണെന്നും നോബി പറയുന്നു. 2014 ഫെബ്രുവരിയിൽ ആണ് നോബിയുടെയും ആര്യയുടെയും രജിസ്റ്റർ വിവാഹം നടന്നത്. 2016 ൽ മകൻ ധ്യാൻ ജനിച്ചു.