സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ പ്രഖ്യാപിക്കില്ല. മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. ഇക്കാര്യത്തില്‍, തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കും. 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം റദ്ദാക്കാനും യോഗം തീരുമാനിച്ചു.

സര്‍വകക്ഷി യോഗത്തിന്റെയും മത, സാമുദായിക നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ലോക്ക് ഡൗണ്‍ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതുവരെ നിലവിലെ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കും. വെള്ളിയാഴ്ച വൈകീട്ടാണു സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. ഇക്കാര്യം ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണു മന്ത്രിസഭയെ അറിയിച്ചത്. എന്നാല്‍ ലോക്ക്ഡൗണ്‍ കാര്യത്തില്‍ സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കണമെന്ന അഭിപ്രായവും യോഗത്തിലുയര്‍ന്നു. അതേസമയം, സമ്പൂര്‍ണ ലോക്ക്ഡൗണിനെ വിദഗ്ധ സമിതി പൂര്‍ണമായി പിന്തുണയ്ക്കുന്നില്ല.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”നേരത്തെ നമ്മള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയതാണ്. ഇപ്പോഴും അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതേസമയം, ആളുകളുടെ ജീവിതപ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടതിനാൽ ഇനിയൊരു ലോക്ക് ലോക്ക് ഡൗണ്‍ പ്രായോഗികമാണോയെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അക്കാര്യം തീരുമാനിച്ചിട്ടില്ല. എങ്കിലും അത് ഗൗരവമായി പരിഗണിക്കേണ്ടി വരും. ഇക്കാര്യത്തിൽ എല്ലാവശവും പരിഗണിച്ചുകൊണ്ടു മാത്രമേ സർക്കാർ തീരുമാനത്തിലെത്തുകയുള്ളൂ,” എന്നാണു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം റദ്ദാക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധനബില്‍ പ്രത്യേക ഓര്‍ഡിനന്‍സാക്കി കൊണ്ടുവരും. തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ധനബില്‍ പാസാക്കും.

അതേസമയം, നിയമസഭാ സമ്മേളനം മാറ്റാനുള്ള മന്ത്രിസഭാ തീരുമാനം രാഷ്ട്രീയ കാരണത്താലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാരിനെതിരായ അവിശ്വാസ പ്രമേയം എതിർക്കാൻ ഇടതുമുന്നണിയിലെ കക്ഷികൾക്ക് വിസമ്മതം ഉള്ളത് കൊണ്ടാണ് അത് മാറ്റിവച്ചതെന്ന് കരുതുന്നു. തിങ്കളാഴ്ച ചേരാനിരുന്ന സമ്മേളനത്തിൽ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു.