ബ്രിട്ടനില്‍ ആദ്യമായി വളര്‍ത്തുപൂച്ചയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. തെക്കന്‍ ഇംഗ്ലണ്ടിലെ പൂച്ചയ്ക്ക് ഉടമയില്‍നിന്നാണു രോഗം പകര്‍ന്നതെന്നാണു കരുതുന്നത്. ഇതോടെ വളര്‍ത്തുമൃഗങ്ങളെ ഉമ്മ വയ്ക്കരുതെന്നും ഭക്ഷണം പങ്കുവച്ചു കഴിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഗ്ലാസ്‌ഗോ സെന്റര്‍ ഫോന്‍ വൈറസ് റിസര്‍ച്ചില്‍ ജൂണില്‍ നടന്ന പരിശോധനയില്‍ പൂച്ചയ്ക്ക് കൊറോണ ബാധ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആനിമല്‍ പ്ലാന്റ് ഹെല്‍ത്ത് ലബോറട്ടറിയില്‍ നടന്ന വിശദപരിശോധനയില്‍ കഴിഞ്ഞയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആറു വയസ്സുള്ള പൂച്ചയ്ക്ക് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണു പ്രകടമായത്. ചെറിയ ശ്വാസംമുട്ടലും മൂക്കൊലിപ്പും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇതു ഭേദമായെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ പൂച്ചകളെ വളര്‍ത്തുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ശ്വാസകോശസംബന്ധമായ രോഗമുള്ളവര്‍ പൂച്ചകളെ കൈകാര്യം ചെയ്യുന്നതിനു മുന്‍പ് കൈകള്‍ കഴുകി വൃത്തിയാക്കണം. ഒരേ കിടക്കയില്‍ പൂച്ചയെ ഒപ്പം കിടത്തി ഉറക്കരുത്. ആഹാരം പൂച്ചകളുമായി പങ്കിടരുതെന്നും ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ വൈറോളജി പ്രഫ. മാര്‍ഗരറ്റ് ഹൊസി മുന്നറിയിപ്പു നല്‍കി. ലോകത്ത് ഇതുവരെ വളരെ കുറച്ചു പൂച്ചകള്‍ക്കു മാത്രമേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളു. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു വൈറസ് പകരുന്നതിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടുമില്ല.