ഭീകരബന്ധം ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വർണക്കടത്തു സംഘം ചതിയിൽപ്പെടുത്തിയെന്നു സംശയം. എൻഐഎയുടെ മാരത്തൺ ചോദ്യം ചെയ്യലിനിടയിൽ ശിവശങ്കർ നടത്തിയ തുറന്നു പറച്ചിലുകളാണ് ഇൗ സൂചന നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

ശിവശങ്കറിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കൺസൽറ്റൻസി സ്ഥാപനങ്ങളിലേക്കും അന്വേഷണത്തിന്റെ മുന നീങ്ങിയേക്കും. സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാൻ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവർ തന്ത്രം മെനഞ്ഞു. സ്വപ്നയുടെ വീട്ടിൽ പ്രതികൾ ഒരുക്കിയ പാർട്ടിക്കിടയിൽ ശിവശങ്കറിനു മദ്യത്തിൽ ലഹരി കലർത്തി നൽകിയതായും സൂചന.

ഇത്തരം പാർട്ടികൾ ശിവശങ്കറുമായി അടുക്കാൻ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. പാർട്ടികൾക്കിടയിൽ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാർട്ടികൾക്കിടയിൽ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ഓർമിക്കാൻ കഴിയുന്നില്ല. അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികൾ സ്വപ്നയുടെ അയൽവാസികളും അന്വേഷണ സംഘത്തിനു നൽകിയിട്ടുണ്ട്.

കുടുംബവീട്ടിൽ നിന്നു മാറി ഫ്ലാറ്റിൽ താമസിക്കാൻ ഇടയായ സാഹചര്യം വിശ്വസനീയമായ രീതിയിൽ അന്വേഷണ സംഘത്തോടു വിവരിക്കാൻ ശിവശങ്കറിനു കഴിഞ്ഞിട്ടുണ്ട്. ശിവശങ്കറിന്റെ ജീവിത സാഹചര്യങ്ങളും താൽപര്യങ്ങളും പ്രതികൾ മുതലെടുത്തതായി ചില സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളും മൊഴി നൽകി.

ശിവശങ്കറിനു പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് ഇത്തരമൊരു തുറന്നു പറച്ചിൽ അന്വേഷണ സംഘം പ്രതീക്ഷിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഒരു തവണ കസ്റ്റഡിയിൽ ചോദ്യംചെയ്യൽ പൂർത്തിയാക്കി റിമാൻഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. പ്രതികൾക്കെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസുള്ളതിനാൽ വീണ്ടും ചോദ്യം ചെയ്യാൻ നിയമതടസ്സമില്ല.