മലപ്പുറം: എല്ലാം ഭാഗ്യം എന്ന് മാത്രമാണ് എടപ്പറ്റ യൂസഫ് കുരിക്കള്‍ പറയുന്നത്. ഇത്രയും കാലം താമസിച്ച വീട് നിലംപൊത്തിയിട്ടും താനും വും ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യൂസഫ്. അതിന് നിമിത്തമായതാകട്ടെ പേരക്കുട്ടിയായ കുഞ്ഞ് റജയും.
ശനിയാഴ്ച പുലര്‍ച്ചെയാണ് കരുവാരക്കുണ്ട് അക്കരപ്പുറം യൂസഫ് കുരിക്കളുടെ വീട് തകര്‍ന്നത്. ഓടിട്ട ഇരുനില വീട് അപ്പാടെ നിലംപൊത്തിയപ്പോള്‍ വീടിന് മുമ്പില്‍നിന്ന് ആ നടുക്കുന്ന കാഴ്ച നേരിട്ട് കാണുകയായിരുന്നു യൂസഫും കുടുംബവും. നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ നാല് കുട്ടികളടക്കം എട്ട് പേര്‍ ആ വീടിനടിയില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്ന് യൂസഫ് പറയുന്നു.
പതിവ് പോലെ അന്നും കുടുംബാംഗങ്ങളെല്ലാം ഭക്ഷണവും കഴിച്ച് ഉറങ്ങുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിയോടെ യൂസഫിന്റെ പേരമകള്‍ ഫാത്തിമ റജ കരഞ്ഞുണര്‍ന്നു. മകള്‍ നിര്‍ത്താതെ കരച്ചില്‍ തുടര്‍ന്നതോടെ റജയുടെ മാതാവ് ജസീനയും എഴുന്നേറ്റു. കരഞ്ഞുകൊണ്ടിരുന്ന മകളെ ഉറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചുമരുകളില്‍നിന്ന് ജസീന ചില ശബ്ദങ്ങള്‍ കേട്ടത്. ചുമര്‍ വിണ്ടുകീറുന്നതിന്റെയും മണ്ണ് പൊടിയുന്നതിന്റെയും ശബ്ദമായിരുന്നു അത്. എന്തോ സംഭവിക്കുന്നതായി തോന്നിയതോടെ ജസീന മറിച്ചൊന്നും ചിന്തിച്ചില്ല. ഉടന്‍തന്നെ മകളെയും എടുത്ത് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭര്‍തൃപിതാവ് യൂസഫിനെ വിളിച്ചുണര്‍ത്തി. വീടിന് എന്തോ സംഭവിക്കുന്നുവെന്ന് മനസിലായതോടെ യൂസഫും മറ്റുള്ളവരും കുട്ടികളെയും എടുത്ത് പുറത്തേക്കോടി. എട്ട് പേരും വീട്ടില്‍നിന്ന് പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞതോടെ അവരുടെ കണ്‍മുന്നില്‍ വീട് തകര്‍ന്നുവീഴുകയായിരുന്നു.
അപകടം മണത്തതോടെ വേഗത്തില്‍ പുറത്തിറങ്ങാന്‍ പറ്റിയതും വീട്ടിലെ സാധനങ്ങളൊന്നും എടുക്കാന്‍ ശ്രമിക്കാതിരുന്നതുമാണ് രക്ഷപ്പെടാന്‍ കാരണമെന്ന് യൂസഫ് പറഞ്ഞു. അതിനെക്കാളേറെ പേരമകള്‍ റജ കരഞ്ഞുണര്‍ന്നതും വലിയ നിമിത്തമായി. വീടിന്റെ മുകള്‍നിലയില്‍ ആരും കിടക്കാറുണ്ടായിരുന്നില്ല. അവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കുടുങ്ങിപ്പോകുമായിരുന്നുവെന്നും യൂസഫ് പറയുന്നു.
യൂസഫും ഭാര്യയും മകളും മരുമകളും നാല് പേരക്കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ചുമരുകളില്‍ നേരത്തെ വിള്ളലുകള്‍ കണ്ടിരുന്നെങ്കിലും ആരും കാര്യമാക്കിയിരുന്നില്ല. ഏകദേശം 70 വര്‍ഷം മുമ്പ് നിര്‍മിച്ച വീടാണിത്. കാലപ്പഴക്കവും ചുമരുകളിലേക്ക് വെള്ളം ഇറങ്ങിയതുമാകാം അപകടകാരണമെന്നാണ് യൂസഫ് കരുതുന്നത്. കുറേദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഒട്ടേറെ ഫര്‍ണീച്ചറുകളും മറ്റും അപകടത്തില്‍ നശിച്ചു. നാശനഷ്ടം കണക്കാക്കാന്‍ വില്ലേജ് ഓഫീസ് അധികൃതര്‍ ചൊവ്വാഴ്ച സ്ഥലം സന്ദര്‍ശിക്കും. നിലവില്‍ സമീപത്തെ ബന്ധുവീട്ടിലാണ് യൂസഫും കുടുംബവും താമസിക്കുന്നത്.
Leave a Reply