പുത്തന്‍ചിറയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പുത്തന്‍ചിറ സ്വദേശിനി കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്ത് (30) ആണ് മരിച്ചത്. ഭര്‍ത്താവ് പറവൂര്‍ വടക്കേക്കര സ്വദേശി ഷംസാദിനെ മാള ഇന്‍സ്‌പെക്ടര്‍ വി.സജിന്‍ ശശി അറസ്റ്റ് ചെയ്തു. പിണ്ടാണി ഷാപ്പിന് സമീപം ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വ്യാഴാഴ്ച പുലര്‍ച്ചെയാണു സംഭവം.
കൃത്യം നടത്തിയ ശേഷം ഷംസാദ് രണ്ടു മക്കളെയും കൊണ്ട് പറവൂരിലെ വീട്ടിലേക്ക് പോയി. മക്കളെ അവിടെയാക്കി തിരികെ പുത്തന്‍ചിറയിലേക്ക് തിരിച്ചെങ്കിലും പാതിവഴിയില്‍ പറവൂരിലേക്ക് മടങ്ങി. ഇയാള്‍ പറവൂരിലെ കുടുംബാംഗങ്ങളോട് താന്‍ കുറ്റകൃത്യം ചെയ്ത വിവരം പറഞ്ഞിരുന്നത്രേ. ഇവരാണ് പുത്തന്‍ചിറയിലേക്ക് വിളിച്ച് അന്വേഷിക്കാന്‍ പറഞ്ഞത്.
സമീപവാസിയായ പൊലീസ് ഉദ്യോഗസ്ഥ വീടിനകത്തു കയറി നോക്കിയപ്പോഴാണ് യുവതി മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മാള പൊലീസില്‍ വിവരം അറിയിച്ചു. ഇതിനിടയില്‍ ഷംസാദ് വടക്കേക്കര സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ അടുത്തെത്തി വിവരം പറഞ്ഞു. ഈ ഉദ്യോഗസ്ഥന്‍ തന്ത്രപൂര്‍വം ഷംസാദിനെ വടക്കേക്കര സ്റ്റേഷനില്‍ എത്തിച്ച് മാള പൊലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് വടക്കേക്കരയിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഉച്ചയോടെ ഇയാളുമായി തെളിവെടുപ്പിനു പുത്തന്‍ചിറയിലെത്തി. ഇതേസമയം റഹ്മത്തിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിക്ക് നേരെ ആക്രോശവുമായി അടുത്തു. ഫൊറന്‍സിക്, വിരലടയാള വിദഗ്ധർ എത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
Leave a Reply