മോസ്‌കോ: സായിബാബ ഭക്ത സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സ്ത്രീ മരിച്ചു. റഷ്യയില്‍ ഭക്തസംഘം സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയും സായിബാബയുടെ സിദ്ധികള്‍ തനിക്കുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്ന എലേന ബേയ്‌കോവ എന്ന സ്ത്രീയുടെ ശിഷ്യയായ എലേന സ്‌മോറോഡിനോവ എന്ന 35കാരിയാണ് മരിച്ചത്. ഗുരുവിന്റെ നിര്‍ദേശപ്രകാരം രണ്ടാഴ്ച ഭക്ഷണം കഴിക്കാതിരുന്നതാണ് മരണ കാരണം. ഒരു ഇന്റീരിയര്‍ ഡിസൈനറായിരുന്ന ഇവര്‍ തന്റെ ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ടതിനു ശേഷമാണ് സായിബാബ സംഘത്തില്‍ ചേര്‍ന്നത്.

നോവോസിബിര്‍സ്‌ക് എന്ന നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്തസംഘത്തില്‍ ചേര്‍ന്നതിനു ശേഷം ഇവര്‍ കുടുംബാംഗങ്ങളുമായി അകന്നിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വളരെ തുറന്ന സ്വഭാവവും ഉല്ലാസവതിയുമായിരുന്ന ഇവര്‍ സംഘത്തില്‍ ചേര്‍ന്നതോടെ ആകെ മാറിയിരുന്നു. സൈക്കോളജിസ്റ്റും ഫാഷന്‍ ഡിസൈനറുമായിരുന്ന എലേന ബേയ്‌ക്കോവയായിരുന്നു സംഘത്തെ നയിച്ചിരുന്നത്. ലോല-ലില എന്ന പേരിലായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. 2011ല്‍ അന്തരിച്ച സായിബാബയുടെ സിദ്ധികള്‍ തനിക്കുണ്ടെന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നതെന്നാണ് വിവരം.

സുഹൃത്തുക്കളും ബന്ധുക്കളുമായി അകലം പാലിക്കാനും ഭക്ഷണം ഉപേക്ഷിക്കാനും സിദ്ധ എലേനയോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. മൂന്നാഴ്ച ഭക്ഷണം കഴിക്കാതെ വ്രതമെടുക്കാനായിരുന്നു നിര്‍ദേശം. അതില്‍ ആദ്യത്തെ രണ്ടാഴ്ച വെള്ളം പോലും നല്‍കിയിരുന്നില്ല. വ്രതത്തില്‍ നിന്ന് പിന്‍മാറാന്‍ എലേന ആഗ്രഹിച്ചെങ്കിലും നിര്‍ജ്ജലീകരണം മൂലം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തേത്തുടര്‍ന്ന് സിദ്ധ ഒളിവിലാണെന്നാണ് വിവരം.