ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസം സാക്ഷാല്‍ റാഫേല്‍ നദാലിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് അഞ്ചു വയസുകാരി വിവിക്ത വിശാഖ്. രണ്ടു വയസു മുതല്‍ ടെന്നീസ് റാക്കറ്റ് കയ്യിലേന്തിയ വിവിക്തയുടെ കളി മികവ് വീഡിയോയിലൂടെ കണ്ട് അത്ഭുതപ്പെട്ടാണ് നദാല്‍ വിവിക്തയ്ക്ക് അഭിനന്ദനമറിയിച്ചത്. വെറും അഭിനന്ദനത്തില്‍ മാത്രം ഒതുക്കയതുമില്ല കളിമണ്‍ കോര്‍ട്ടിലെ രാജാവ് തന്റെ സന്തോഷം. വിവിക്തയ്ക്ക് ഒരു സമ്മാനം അയച്ചിട്ടുണ്ടെന്നും ഉടന്‍ നേരില്‍ കാണാമെന്നും നദാല്‍ പങ്കുവച്ച വീഡിയോയില്‍ കൂടി അറിയിച്ചിട്ടുണ്ട്.

നദാല്‍ ബ്രാന്‍ഡ് അംബാസിഡറായ കിയ മോര്‍്‌ട്ടേഴ്‌സ് നടത്തിയ ടാലന്റ് ഹണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ഒരേയൊരാളാണ് വിവിക്ത. ഇതിലെ കൗതുകം എന്താണെന്നു വച്ചാല്‍, ടാലന്റ ഹണ്ടിലേക്ക് അപേക്ഷിക്കാതെ തന്നെയാണ് വിവിക്തയെ കിയ മോര്‍ട്ടേഴ്‌സ് തെരഞ്ഞെടുക്കുന്നത്. വിവിക്തയുടെ അച്ഛനും സംസ്ഥാന ജൂനിയര്‍ ടെന്നീസ് ടീമിന്റെ മുന്‍ പരിശീലകനുമായ വി എസ് വിശാഖ് മകളുടെ ടെന്നീസ് പ്രകടനങ്ങളുടെ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുമായിരുന്നു. ഈ വീഡിയോകള്‍ കണ്ടാണ് കിയ അഞ്ചുവയസുകാരിയെ തെരഞ്ഞെടുക്കുന്നത്. ഇങ്ങനെയാണ് നദാലിന്റെ ശ്രദ്ധയും വിവിക്തയില്‍ പതിഞ്ഞത്.

അച്ഛന്റെ പരിശീലനത്തില്‍ രണ്ടു വയസു മുതല്‍ ടെന്നീസില്‍ പരിശീലനം തുടങ്ങിയിരുന്നു വിവിക്ത. വീട്ടില്‍ പരിശീലനത്തിനായി പ്രത്യേക സൗകര്യവും പിതാവ് ചെയ്തു കൊടുത്തിട്ടുണ്ട്. അച്ഛന്‍ തന്നെയാണ് വിവിക്തയുടെ പരിശീലകനും. മകളുടെ കരിയറന് കിട്ടിയിരിക്കുന്ന വലിയ പ്രചോദനമാണ് നദാലിന്റെ വാ്ക്കുകളെന്നാണ് വി എസ് വിശാഖ് ഐഎഎന്‍എസ്സിനോട് പ്രതികരിച്ചത്.