സ്വന്തം ലേഖകൻ

യു കെ :- പുതിയ തലമുറയെ ഭവനങ്ങളും മറ്റും വാങ്ങുന്നതിന് പ്രേരിപ്പിക്കുന്നതിനായി നവീന പദ്ധതിയുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ.വെറും അഞ്ച് ശതമാനം ഡിപ്പോസിറ്റ് കൊണ്ട് മാത്രം 95 ശതമാനം ലോണും ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി.ഈ പദ്ധതിയിലൂടെ രണ്ട് മില്യൻ പുതിയ വീട്ടുടമകൾ ഉണ്ടാകുമെന്ന് ടോറി പാർട്ടിയുടെ വിർച്വൽ കോൺഫറൻസിൽ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ ദീർഘകാലത്തേക്കുള്ള ഇത്തരം ലോണുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. തകർന്നുകിടക്കുന്ന ഹൗസിങ് മാർക്കറ്റിനെ പുനരുജ്ജീവിപ്പിക്കാൻ ആണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടു വന്നിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.സർക്കാരിന് അനവധി ബില്യൺ പൗണ്ട് തുകയുടെ ചെലവ് ഈ പദ്ധതി മൂലം ഉണ്ടാകുമെന്ന് വിദഗ് ധർ അഭിപ്രായപ്പെട്ടു.ഡിപ്പോസിറ്റ് തുക കുറച്ചുകൊണ്ട്, ആളുകൾക്ക് എത്രയും കൂടുതൽ പണം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

എന്നാൽ പിന്നീട് ഈ ലോൺ തുക ഗവൺമെന്റ് എഴുതി തള്ളുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.2019ലെ കൺസർവേറ്റീവ് പാർട്ടിയുടെ മാനിഫെസ്റ്റോയിൽ രേഖപ്പെടുത്തിയിരുന്ന കാര്യമാണ് ഇപ്പോൾ ഈ പദ്ധതിയിലൂടെ നടപ്പാക്കിയിരിക്കുന്നത്.എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ലേബർ പാർട്ടി അംഗങ്ങൾ കുറ്റപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാനുള്ള തന്ത്രമാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നും അവർ പറഞ്ഞു. എന്നാൽ പുതിയ പദ്ധതി ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.