ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വെംബ്ലിയിൽ ആരവങ്ങൾ ഉയരുകയാണ്. ചരിത്രനേട്ടവുമായി ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീം. അത്യന്തം നാടകീയമായ യൂറോ 2022 ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമ്മനിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കി. 87,192 കാണികളെ സാക്ഷിയാക്കി ഇംഗ്ലീഷ് പെൺപുലികൾ നേടിയ വിജയം ഇനി ചരിത്രതാളുകളിൽ കുറിക്കപ്പെടും. ഫുൾ ടൈമിൽ 1-1 സമനിലയിൽ ആയിരുന്ന മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോഴായിരുന്നു ആ ഗോൾ.

110ആം മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ ക്ലോ കെല്ലിയുടെ ഗോളിലൂടെ ഇംഗ്ലണ്ട് വിജയത്തിലേക്ക്. 62ആം മിനിറ്റിൽ വാൽഷിന്റെ അസിസ്റ്റിലൂടെ ടൂൺ ഗോൾ നേടിയെങ്കിലും 79ആം മിനിറ്റിൽ ജർമനി തിരിച്ചടിച്ചു. യൂറോപ്യൻ വനിതാ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇതാദ്യമായാണ് ജർമനി തോൽവിയറിയുന്നത്. അതിനു കാരണക്കാർ ഇംഗ്ലണ്ടും.

2009 യൂറോ ഫൈനലിൽ ജർമ്മനിയോട് ഇംഗ്ലണ്ട് തോറ്റിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായി ഈ വിജയം. ആറ് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി ടൂർണമെന്റിലെ ടോപ് സ്കോററായി ഗോൾഡൻ ബൂട്ട് നേടിയ ഇംഗ്ലണ്ട് ഫോർവേഡ് ബെത്ത് മീഡ് രാജ്യത്തിന്റെ അഭിമാനതാരമായി.