ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : കോവിഡ് -19 നെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിച്ച തൊഴിലാളികൾക്കും സന്നദ്ധപ്രവർത്തകർക്കും രാജ്ഞിയുടെ ജന്മദിന ആഘോഷത്തിൽ ആദരവ്. രാജ്ഞിയുടെ ഔദ്യോഗിക ജന്മദിനം ആഘോഷിക്കുന്ന ജൂണിൽ ഈ പട്ടിക സാധാരണയായി പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ആദ്യ മാസങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ച വ്യക്തികളെ ആദരിക്കുന്നതിനായി ഇത് മാറ്റിവച്ചിരുന്നു. ആരോഗ്യ മേഖലയിലെ നാനൂറ് പേരടക്കം 1500-ഓളം പേര്‍ ഇത്തവണത്തെ ക്യൂന്‍സ് ബര്‍ത്ത്‌ഡേ ഓണേഴ് സ് ലിസ്റ്റ് 2020ല്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യക്കാരായ ഡോക്ടര്‍മാരും നഴ്‌സുമാരും, ഫാര്‍മസിസ്റ്റുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധി സമയത്തെ പ്രവർത്തനങ്ങൾക്ക് ഫുട്ബോൾ താരം മാർക്കസ് റാഷ്‌ഫോർഡ്, ഫിറ്റ്നസ് കോച്ച് ജോ വിക് സ് എന്നിവരെയും ആദരിക്കും. ടിവി അവതാരകൻ ലോറൻ കെല്ലിയും ബ്രോഡ് കാസ്റ്റർ പ്രൊഫ. ബ്രയാൻ കോക് സും സിബിഇകളായി. “കോവിഡ് ഹീറോസിന്റെ കഠിനാധ്വാനവും അർപ്പണബോധവും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചു.” പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. എം‌ബി‌ഇ നൽകിയതിൽ അഭിമാനമുണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്‌ഫോർഡ് പറഞ്ഞു. “നല്ല കാര്യങ്ങൾ ചെയ്യാൻ ഇത് കൂടുതൽ ആളുകളെ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” റാഷ്‌ഫോർഡ് കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1,495 പേർ ഉൾപ്പെടുന്ന പട്ടികയിൽ 14 % ആളുകൾ ആരോഗ്യ-സാമൂഹിക പരിപാലന പ്രവർത്തകരാണ്. രാജ്യത്ത് കോവിഡ് രൂക്ഷമായ ആദ്യ ഘട്ടത്തിൽ മലയാളികൾ അടക്കമുള്ള ഡോക്ടർമാരും നേഴ്സുമാരും പോരാട്ടത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നു. വൈറസിനോട് പോരാടി ജീവൻ നഷ്ടപെട്ട നേഴ്സുമാരും അനേകരാണ്. കൊറോണ വൈറസ് ദുരിതാശ്വാസത്തിനായി 420,000 പൗണ്ടിലധികം സമാഹരിച്ച ഡാബിറുൽ ഇസ്ലാം ചൗധരി, ഒബിഇ ആയി മാറിയതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു. ക്യാപ്റ്റൻ ടോം മൂർ തനിക്ക് പ്രചോദനമായെന്ന് 100 വയസുകാരനായ ചൗധരി പറഞ്ഞു. എൻ‌എച്ച്‌എസ് തൊഴിലാളികൾക്കും മറ്റാളുകൾക്കും സൗജന്യ ഭക്ഷണം നൽകിയ ഗ്ലാസ്‌ഗോ റെസ്റ്റോറന്റ് ഉടമ ഡേവിഡ് മാഗ്വെയർ (62) ഇത് ഒരു ടീം വർക്ക്‌ ആണെന്നും എം‌ബി‌ഇ ആയതിൽ താൻ സന്തുഷ്ടനാണെന്നും പറഞ്ഞു.

30 വയസ്സിന് താഴെയുള്ള 11% സ്വീകർത്താക്കളുള്ള പട്ടിക ഇതാദ്യമാണ്. 16 വയസുള്ള തിയോഡോർ റൈഡ് ഏറ്റവും പ്രായം കുറഞ്ഞയാളാണെന്ന് കാബിനറ്റ് ഓഫീസ് അറിയിച്ചു. അതേസമയം സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസിയിൽ അംഗങ്ങളായ ആറ് പേരെയും ഇത്തവണ ആദരിക്കുന്നുണ്ട്. പ്രൊഫസർ ജൂലിയ ഗോഗ്, പ്രൊഫ. എബ്രഹാം മെഡ്‌ലി, പ്രൊഫ. കാത്ത് നോക്ക് സ്, പ്രൊഫ. ലൂസി യാർഡ്‌ലി, പ്രൊഫ. കാലം സെമ്പിൾ, ഡോ. ജെയിംസ് റൂബിൻ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ 740 സ്ത്രീകൾ ഉൾപ്പെടുന്നു. 13% ആളുകൾ ബ്ലാക്ക്, ഏഷ്യൻ, ന്യൂനപക്ഷ വംശീയ (BAME) പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ഇത്തവണത്തെ ഓണേഴ് സ് ലിസ്റ്റ് എക്കാലത്തെയും വൈവിധ്യമാർന്ന ഒന്നായതായി വിലയിരുത്തപ്പെടുന്നു.