തിരുവനന്തപുരം∙ 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമ്മൂട് മികച്ച നടനുള്ള പുരസ്കാരം നേടി. ബിരിയാണി എന്ന ചിത്രത്തിലൂടെ കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. ജെല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി. കുമ്പളങ്ങി നൈറ്റ്സിലെ വില്ലൻ കഥാപാത്രത്തിലൂടെ ഫഹദ് ഫാസിൽ മികച്ച സ്വഭാവ നടനായും, ബിരിയാണി എന്ന ചിത്രത്തിലൂടെ സ്വാസിക വിജയ് മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നിവിൻ പോളി (മൂത്തോൻ), അന്ന ബെൻ (ഹെലന്‍), പ്രിയംവദ കൃഷ്ണൻ എന്നിവർ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

WhatsApp Image 2024-12-09 at 10.15.48 PM

മധു സി. നാരായണന്റെ കുമ്പളങ്ങി നൈറ്റ്സാണ് കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഒരുക്കിയ രതീഷ് പൊതുവാൾ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി. സുഷിൻ ശ്യാമാണ് മികച്ച സംഗീത സംവിധായകൻ. ചിത്രം കുമ്പളങ്ങി നൈറ്റ്സ്. നടൻ വിനീത് കൃഷ്ണൻ ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലൂടെ മികച്ച ഡബ്ബിങ് ആർടിസ്റ്റിനുള്ള പുരസ്‌കാരം നേടി. ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കിരൺ ദാസ് മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരം നേടി. നജിം അർഷാദാണ് മികച്ച ഗായകൻ. മധുശ്രീ മികച്ച ഗായികയായി.