ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രിട്ടനിലെ കൊറോണ വൈറസ് ആശുപത്രി മരണങ്ങൾ ജൂണിന് ശേഷം ഏറ്റവും ഉയർന്ന നിലയിൽ. 108 മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇംഗ്ലണ്ടിൽ 86 മരണങ്ങളും സ്‌കോട്ട്‌ലൻഡിൽ 15 ഉം വെയിൽസിൽ അഞ്ച് ഉം വടക്കൻ അയർലൻഡിൽ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഒരു മാസം മുമ്പ് റിപ്പോർട്ട് ചെയ്ത മരണങ്ങളെക്കാൾ അഞ്ചു മടങ്ങ് ഉയർന്നതാണിത്. ഇതിനുമുമ്പ് ജൂൺ 10നായിരുന്നു 109 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് മരണസംഖ്യ ഇത്രയും ഉയരുന്നത്. സമീപകാല ശനിയാഴ്ചകളിൽ നൂറിനു താഴെ മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു ശനിയാഴ്ചയിലെ ഏറ്റവും കുറഞ്ഞ മരണസംഖ്യ ഓഗസ്റ്റ് 15നായിരുന്നു – അഞ്ചു മരണങ്ങൾ മാത്രം. ഏറ്റവും ഉയർന്നു കണ്ടത് ഏപ്രിൽ 11നും – 917 മരണങ്ങൾ. എൻഎച്ച്‌എസ് ഇംഗ്ലണ്ട് 86 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിലെ ആശുപത്രികളിലെ ആകെ മരണസംഖ്യ 30,911 ആയി ഉയർന്നു.
മരണപ്പെട്ടവരിൽ 44 നും 99 നും ഇടയിൽ പ്രായമുള്ളവരാണ് അധികവും. നോർത്ത് വെസ്റ്റിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (33). തൊട്ടുപിന്നിൽ മിഡ്‌ലാന്റ്സ് (17), നോർത്ത് ഈസ്റ്റ് & യോർക്ക്ക്ഷയർ (15), ലണ്ടൻ (11), സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് (4 വീതം), ഈസ്റ്റ് (2) എന്നിങ്ങനെയാണ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 മരണങ്ങളാണ് സ്കോട്ലൻഡിൽ രേഖപ്പെടുത്തിയത്. 1,167 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം അഞ്ച് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതിനെത്തുടർന്ന് വെയിൽസിന്റെ മരണസംഖ്യ 1,708 ആയി ഉയർന്നു. നോർത്തേൺ അയർലണ്ടിൽ ഇന്ന് രണ്ട് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ മരണസംഖ്യ 610ൽ എത്തി.
ലങ്കാഷെയർ, ലണ്ടൻ, എസെക്സ്, യോർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെത്തുടർന്ന് ഇംഗ്ലണ്ടിലെ 28 ലക്ഷം ആളുകൾ ഇപ്പോൾ ടയർ 2, ടയർ 3 ലോക്ക്ഡൗണുകൾക്ക് കീഴിലാണ് താമസിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ ലങ്കാഷയർ ടയർ 3 ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചു. ഗ്രേറ്റ് മാഞ്ചസ്റ്ററിനെ ഏറ്റവും ഉയർന്ന നിലയിലേക്ക് മാറ്റാനുള്ള ചർച്ചകൾ പുനരാംരംഭിക്കാൻ ഇരിക്കുകയാണ്. ബിസിനസുകൾക്കും താമസക്കാർക്കും കൂടുതൽ സാമ്പത്തിക സഹായമില്ലാതെ ടയർ 3 നിയന്ത്രണങ്ങൾ സ്വീകരിക്കാൻ മേയർ ആൻഡി ബർൺഹാം ഉൾപ്പെടെയുള്ള നേതാക്കൾ വിസമ്മതിക്കുകയാണ്. വ്യാഴാഴ്ച രാവിലെ മുതൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പ്രാദേശിക നേതാക്കൾ ചർച്ച പുനരാരംഭിക്കാൻ തയ്യാറാണെന്നും ബർൺഹാം പറഞ്ഞു.
Leave a Reply