സ്വന്തം ലേഖകൻ
യു കെ :- ഇംഗ്ലണ്ടിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ ദിവസംപ്രതി ക്രമാതീതമായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. പ്രതീക്ഷിച്ചതിൽ നാലിരട്ടി കൂടുതലാളുകളാണ് രോഗബാധിതരാകുന്നതെന്ന് സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസിസ് പുറത്തിറക്കിയ പ്രസ്താവനയിൽ രേഖപ്പെടുത്തുന്നു. നവംബർ – ഡിസംബർ മാസങ്ങളിൽ രോഗബാധിതർ വർദ്ധിക്കാൻ ഉള്ള സാഹചര്യം ഉണ്ടെന്ന് നേരത്തെ തന്നെ ഗവൺമെന്റ് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ അവർ പറഞ്ഞ കണക്കുകളിൽ നിന്നും വളരെ കൂടുതലാണ് ഇപ്പോൾ രോഗികളാകുന്നവരുടെ എണ്ണം. ഒക്ടോബർ മാസത്തിൽ ഇംഗ്ലണ്ടിൽ മാത്രം 12,000 മുതൽ 13000 പേരാണ് ഓരോ ദിവസവും രോഗബാധിതരായത്.
അടുത്ത ആഴ്ച മുതൽ ദേശീയ ലോക് ഡൗൺ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലേക്ക് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നീങ്ങുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അടുത്തയാഴ്ചയോടു കൂടി പ്രഖ്യാപനമുണ്ടാകുമെന്നാണ് ക്യാബിനറ്റ് വക്താവ് മാധ്യമങ്ങളോട് അറിയിച്ചത്. എന്നാൽ എത്തരത്തിലുള്ള ലോക്ക് ഡൗൺ നിബന്ധനകൾ ആയിരിക്കും മുന്നോട്ടു വയ്ക്കുക എന്നതിനെപ്പറ്റി ഇതുവരെയും വ്യക്തമായ ധാരണയില്ല. പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ വാർത്താസമ്മേളനം തിങ്കളാഴ്ച ഉണ്ടാകും. ബുധനാഴ്ച മുതൽ രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഇത്തരത്തിൽ ഒരു ലോക്ക്ഡൗൺ സാമ്പത്തിക മേഖലയെ കാര്യമായി തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രധാനമന്ത്രിയും സംഘവും. എന്നാൽ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും ആരോഗ്യ വിദഗ്ധരും ലോക്ക്ഡൗൺ ആവശ്യമാണെന്ന ശക്തമായ നിലപാടിലാണ്.
ജർമനിയിലും ഫ്രാൻസിലും ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടണും ഇതേ മാർഗം തന്നെ പിന്തുടരും എന്ന പ്രതീക്ഷയിലാണ് ആരോഗ്യവിദഗ്ധർ. തണുപ്പ് കാലത്ത് കോവിഡ് ബാധിച്ചു 85000 ത്തോളം പേർ മരണപ്പെടാൻ സാധ്യതയുണ്ടെന്ന കണക്കുകൾ നേരത്തെ തന്നെ ഗവൺമെന്റ് പുറത്തുവിട്ടിരുന്നു. ആ കണക്കുകളെ ശരിവയ്ക്കുന്നതാണ് നിലവിലെ രാജ്യത്തെ സാഹചര്യം. അതിനാൽ തന്നെ രോഗബാധ നിയന്ത്രിക്കാനുള്ള ശക്തമായ മാർഗ്ഗങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകും.
Leave a Reply