ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഗ്ലോസ്റ്റർ : അപൂർവങ്ങളിൽ അപൂർവമാണ് ഈ നിയോഗം . എൺപത്തിയൊന്ന് വയസ്സുള്ള തന്റെ അമ്മ അന്നമ്മ വർഗീസ് എഴുതിയ ഇടവകയുടെ സുവനീറിൽ പ്രസിദ്ധീകരിച്ച കവിത അവിചാരിതമായി കണ്ട നിമിഷം മുതൽ ജോണി വർഗീസിന്റെ മനസ്സിലേക്ക് ഓടിയെത്താത്ത ദിവസങ്ങളില്ല. മാതാവിനോടുള്ള ഭക്തിയും കാവ്യഭംഗിയും നിറഞ്ഞു നിന്ന ആ കവിത ജോണിയുടെ മനസ്സിന്റെ വിങ്ങലായപ്പോൾ 13 വർഷമായി യുകെയിലെ ഗ്ലോസ്റ്ററിൽ ജീവിക്കുന്ന ഈ പ്രവാസി മലയാളി ലോക മലയാളി സമൂഹത്തിന്  സമ്മാനിച്ചത് അതുല്യമായ ഒരു ദൃശ്യവിസ്മയ കാഴ്ചയാണ് .
വീട്ടു ചെലവുകൾ മാത്രം ഡയറിയിൽ എഴുതിയിരുന്ന തന്റെ അമ്മ സ്വപ്നത്തിൽ മാതാവിനെ ദർശിച്ചതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയ ഈ മനോഹരമായ കാവ്യം പാടിയിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാന മേഖലയിലെ സ്വർഗ്ഗീയ ഗായകനായ ക്ലസ്റ്ററാണ്. ഈ ഗാനത്തിന് അതിമനോഹരമായി ഈണം നൽകിയിരിക്കുന്നത് ജോണിയുടെ ബാല്യകാല സുഹൃത്തും യു എ യിൽ പ്രവാസി മലയാളിയുമായി കഴിയുന്ന കെ എക്സ് രാജേഷ് ആണ്. കഴിഞ്ഞ മുപ്പത്തഞ്ച് വർഷങ്ങളായി ഗായകസംഘാംഗമായിരുന്ന കെ എക്സ് രാജേഷ് ഇപ്പോൾ ഷാർജ പള്ളിയിലെ ഗായസംഘത്തിനെ നയിക്കുകയാണ്. ഈ ഗാനത്തിന് ആശംസകൾ നേർന്ന ഓസ്ട്രയലിലുള്ള ബേബിയച്ചൻ ജോണി വർഗീസിന്റെയും കെ എക്സ് രാജേഷിന്റെയും സഹപാഠിയായിരുന്നു.
കോവിഡ് കാലത്ത് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഈ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകാൻ സാധിച്ചത് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താലാണെന്ന് ജോണി വർഗീസ് മലയാളം യുകെയോട് പറഞ്ഞു . തന്റെ അമ്മയുടെ രചനയുടെ ദൃശ്യാവിഷ്കാരം ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജോണി. സെന്റ് പീറ്റേഴ്സ് ചർച്ച് ഗ്ലോസ്റ്റർ , ഗ്ലോസ്റ്റർ കത്തീഡ്രൽ , പ്രിങ്ക്നാഷ് ആബി ക്രാൻഹാം ഗ്ലോസ്റ്റർ , സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലായാണ് ഈ ഗാനത്തിന്റെ ചിത്രീകരണം യുകെയിലെ പ്രമുഖ വീഡിയോ ഗ്രാഫറായ ബെറ്റർ ഫ്രെയിമ്സിന്റെ സോജി തോമസ് പൂർത്തിയാക്കിയത്. ഈ ഗാനം റെക്കോർഡ് ചെയ്തത് കേരളത്തിലും , മ്യൂസിക്ക് മിക്സിംഗ് നടത്തിയത് യു എ യിലും , ചിത്രീകരണം നടന്നത് ഇംഗ്ളണ്ടിലും , സ്കോട്ട്ലൻഡിലും , ഒസ്ട്രേലിയലുമായാണ്.

ഓർമ്മവെച്ച നാൾ മുതൽ എല്ലാദിവസവും ജപമാല ചൊല്ലുന്ന മരിയ ഭക്തയായ തന്റെ അമ്മയ്ക്ക് പരിശുദ്ധ മാതാവിന്റെ പ്രത്യേക അനുഗ്രഹത്താൽ സാധിതമായതാണ് ഈ രചനയെന്നാണ് ജോണി വിശ്വസിക്കുന്നത്. കേരളത്തിൽ കൊച്ചി കടവന്ത്ര സ്വദേശിയായ ജോണിയും ഭാര്യ അനി മേരി ജോസും ഗ്ലോസ്റ്റർ റോയൽ ഹോസ്പിറ്റലാണ് ജോലി ചെയ്യുന്നത്. അന്ന ജോണി, ജോസ് ജോണി, റോസ് ജോണി എന്നിവരാണ് ജോണി – അനി ദമ്പതികളുടെ മൂന്നു കുട്ടികൾ . ജോണിയുടെ മൂത്ത സഹോദരൻ ജോസ് വർഗീസും കുടുംബവും യുകെയിലെ തന്നെ സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഡയറക്റ്ററായി പ്രവർത്തിച്ചിട്ടുള്ള ജോണി വർഗീസിന് സ്വന്തം അമ്മയ്ക്കായി ചിത്രീകരിച്ച ഗാനത്തിന്റെ ഡയറക്റ്ററായി പ്രവർത്തിക്കുവാനുള്ള ഭാഗ്യം കൂടിയാണ് ലഭിച്ചത്.
അമ്മയെ കാത്തിരിപ്പൂ എന്ന അതിമനോഹരമായ ഗാനം ആസ്വദിക്കുവാൻ താഴെയുള്ള യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക .
                        
Singer : Kester Music director : K X Rajesh
	
		

      
      



              
              
              




            
Leave a Reply