ന്യൂസ് ഡെസ്ക് , മലയാളം യുകെ

യു എസ് :- സ്റ്റോക്ക് മാർക്കറ്റുകളെല്ലാം തന്നെ എക്കാലത്തെയും മികച്ച നേട്ടത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ബ്ലൂ ചിപ്പ് ഷെയറുകൾ എല്ലാം തന്നെ വൻ വർധനയാണ് കാഴ്ചവച്ചത്. ബ്രിട്ടീഷ് എയർവെയ്സ്, ഇന്റർനാഷണൽ എയർലൈൻസ് ഗ്രൂപ്പ് എന്നിവ 40 ശതമാനത്തോളം ഉയർന്നു. എയർലൈൻ എഞ്ചിൻ നിർമാണക്കമ്പനിയായ റോൾസ് റോയ്സിന്റെ ഷെയറുകൾ 33% ഉയർച്ചയാണ് നേടിയത്. കൊറോണ ബാധ മൂലം ഏറ്റവും കൂടുതൽ തകർച്ച നേരിട്ട കമ്പനികളായിരുന്നു ഇവയെല്ലാംതന്നെ. എന്നാൽ ചില കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഹോം ഫുഡ് ഡെലിവറി കമ്പനികളായ ഒക്കാഡോ, ജസ്റ്റ്‌ ഈറ്റ് എന്നിവ 10 ശതമാനത്തോളം താഴെ പോയി. ഐടി കമ്പനിയായ സൂംമും 14 ശതമാനത്തോളം തകർച്ചയാണ് നേരിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊറോണ വാക്സിൻ ഈ വർഷം അവസാനത്തോടെ വിപണിയിൽ ലഭ്യമാകും എന്നത് സ്റ്റോക്ക് മാർക്കറ്റുകൾക്ക് എല്ലാംതന്നെ പ്രതീക്ഷയേകുന്നതാണ്. ആ പ്രതീക്ഷയാണ് സ്റ്റോക്ക് മാർക്കറ്റുകളുടെ നേട്ടത്തിന് പിന്നിലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അതോടൊപ്പം തന്നെ അമേരിക്കയിൽ പുതിയ ഭരണകൂടം അധികാരത്തിൽ വരുന്നതിന്റെയും പ്രതിഫലനം സ്റ്റോക്ക് മാർക്കറ്റുകളിൽ പ്രകടമാകുന്നുണ്ട്.

ഫൈസെർ കമ്പനി പുറത്തിറക്കുന്ന വാക്സിൻ ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്ന് ആരോഗ്യപ്രവർത്തകർ ഉറപ്പുനൽകുന്നുണ്ട്. ഇതിന്റെ പ്രതിഫലനമെന്നോണം ആണ് മാർക്കറ്റുകൾ നേട്ടമുണ്ടാക്കുന്നത്. കൊറോണ വൈറസ് ബാധ തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് മാർക്കറ്റുകൾ ഇത്രത്തോളം നേട്ടമുണ്ടാക്കുന്നത്. എന്നാൽ ഇത് എത്ര കാലം നിലനിൽക്കും എന്ന കാര്യത്തിൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.